തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പിക്കെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാനനഷ്ടക്കേസ് നല്‍കും. ജെബി മേത്തര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ നോട്ടീസയച്ചു.ഏഴു ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
അതേസമയം, മാപ്പ് പറയില്ലെന്നു ജെബി മേത്തര്‍ വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭയിലെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിന് പോസ്റ്റര്‍ ഒട്ടിച്ച പെട്ടിയുമായി ജെബി മേത്തര്‍ എത്തിയിരുന്നു. കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. ഇതു വിവാദമായതോടെ ആര്യയുടെ ഭര്‍ത്താവിന്റെ നാടെന്ന നിലയ്ക്കല്ല പോസ്റ്ററെന്നു ജെബി മേത്തര്‍ വിശദീകരിച്ചു.കോഴിക്കോട് ജില്ലയിലെ ബാലുശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സച്ചിന്‍ ദേവാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭര്‍ത്താവ്.