ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഔദ്യോഗിക എന്‍ട്രിക്ക് നിരോധനവുമായി പാകിസ്താന്‍

കറാച്ചി: അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഔദ്യോഗിക എന്‍ട്രിക്ക് നിരോധനവുമായി പാകിസ്താന്‍. സലിം സാദിഖ് സംവിധാനം ചെയ്ത ജോയ് ലാന്‍ഡിനാണ് പാക് സര്‍ക്കാരിന്റെ നിരോധനം.

ചിത്രത്തിന്റെ ഉള്ളടക്കത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സഭ്യത, സദാചാരം എന്നിവയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് ചിത്രമെന്നു ചൂണ്ടിക്കാട്ടിയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിരോധനം.ചിത്രത്തിന്റെ തിയറ്റര്‍ പ്രദര്‍ശനത്തിന് കഴിഞ്ഞ ഓഗസ്റ്റ് 17 ന് അനുമതി ലഭിച്ചിരുന്നു.

സിനിമ തിയറ്ററുകളിലെത്തിയാല്‍ രാജ്യത്തെ യാഥാസ്ഥിതിക വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനു വഴിവച്ചേക്കുമെന്നുകണ്ടാണ് തീരുമാനമെന്നു കരുതുന്നു.
യാഥാസ്ഥിതിക പുരുഷാധിപത്യ കുടുംബത്തിലെ ഇളയമകന്‍ ഒരു ഡാന്‍സ് തിയറ്ററില്‍ രഹസ്യമായി അംഗമാകുന്നതും അവിടെ ഒരു ട്രാന്‍സ് യുവതിയുമായി പ്രണയത്തിലാകുന്നതുമാണ് സലിം സാദിഖിന്റെ കന്നി സംവിധാനസംരംഭത്തിന്റെ ഇതിവൃത്തം. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ചിത്രം വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ പാകിസ്താനി സിനിമയാണ്. കാനിനു പുറമേ ടൊറന്റോ, ബുസാന്‍ രാജ്യാന്തര മേളകളിലും ചിത്രം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →