കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി അഖില്‍ ഗിരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ പരാതിയുമായി ബി.ജെ.പി. നേതാക്കള്‍. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഡല്‍ഹിയിലെത്തി മാപ്പ് പറയണമെന്ന് ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റര്‍ജി. ഹൂഗ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയാണ് ചാറ്റര്‍ജി. അഖില്‍ ഗിരിക്കെതിരെ അവര്‍ ഡല്‍ഹി നോര്‍ത്ത് അവന്യൂ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണിത്. കേസില്‍ അധികൃതര്‍ ഉടന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നും ചാറ്റര്‍ജി ആവശ്യപ്പെട്ടു. മമത സര്‍ക്കാരിലെ മന്ത്രിയാണ് അഖില്‍ ഗിരി. മമത അദ്ദേഹത്തെ ഉടന്‍ പുറത്താക്കണം. ഡല്‍ഹിയില്‍ വന്ന് മാപ്പ് പറയണം. പൊതുവേദികളില്‍ എസ്.സി., എസ്.ടി വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്ന ടി.എം.സിയുടെ യഥാര്‍ഥ മുഖമാണ് രാഷ്ട്രപതിക്കെതിരായ വാക്കുകളിലെന്നും ചാറ്റര്‍ജി പറഞ്ഞു.
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ ആക്രമിക്കുന്നതിനിടെയാണ് അഖില്‍ ഗിരി വിവാദത്തെ കൂട്ടുപിടിച്ചത്. ”അദ്ദേഹം (സുവേന്ദു അധികാരി) പറയുന്നത് ഞാന്‍ സുന്ദരനല്ല എന്നാണ്. നിങ്ങള്‍ എത്ര സുന്ദരനാണ്? ആരെയും അവരുടെ രൂപം നോക്കി വിലയിരുത്തുന്നവരല്ല ഞങ്ങള്‍. രാഷ്ട്രപതിയുടെ ഓഫീസിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ, നമ്മുടെ രാഷ്ട്രപതിയെ കണ്ടാല്‍ എങ്ങനെയുണ്ട്” എന്നാണ് പുറത്തുവന്ന വീഡിയോ ക്ലിപ്പിലെ സംഭാഷണം. ക്ലിപ്പിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
പരാമര്‍ശത്തിണ്ട അഖില്‍ ഗിരി മാപ്പ് പറഞ്ഞു. ദിവസങ്ങളായി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി എന്നെ അപമാനിക്കുന്നു. ആ പ്രകോപനത്തില്‍ പെട്ടെന്നു വൈകാരികമായി പ്രതികരിച്ചുപോയതാണ്. അതില്‍ ഖേദിക്കുന്നെന്നും ഗിരി പഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
അഖില്‍ ഗിരിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എംപി സൗമിത്ര ഖാന്‍ ദേശീയ വനിതാ കമ്മിഷനും കത്തയച്ചു. എം.എല്‍.എ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും ഖാന്‍ ആവശ്യപ്പെട്ടു.