രാജകുമാരി: പൊന്‍മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. മമ്മട്ടിക്കാനം മുണ്ടപ്പിള്ളില്‍ ശശിയുടെ മകന്‍ ശ്യാംലാലിനെയാണ് (28) കാണാതായത്.
13/11/2022 വൈകിട്ട് നാലിനാണ് ശ്യാംലാല്‍ സുഹൃത്തുക്കളായ അമല്‍ ദേവസ്യ, അഭിജിത്ത് എന്നിവര്‍ക്കൊപ്പം കള്ളിമാലി വാരിയാനിപ്പടിക്ക് സമീപം ഡാമില്‍ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ മൂവരും കരയില്‍ കെട്ടിയിരുന്ന ഫൈബര്‍ വള്ളത്തില്‍ കയറി ജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോയി. ഇതിനിടെ വള്ളം മറിഞ്ഞു.
വെള്ളത്തില്‍ വീണ അമലും അഭിജിത്തും നീന്തി കരകയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായില്ല. രാജാക്കാട് പോലിസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തില്‍ പരിശോധന നടത്തി. 13/11/2022 വൈകിട്ട് ഏഴിനു തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് വീണ്ടും തിരച്ചില്‍ പുനരാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

