ശ്രീകണ്ഠപുരം: മൃഗസംരക്ഷണവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായി നിയമനം ലഭിച്ച ശ്രീകണ്ഠപുരം നഗരസഭയിലെ സി.പി.എം വനിത കൗണ്‍സിലര്‍ സി.പി.ഐ. യൂണിയനില്‍ ചേര്‍ന്നു. സി.പി.എം. ശക്തികേന്ദ്രമായ കോട്ടൂരില്‍(വാര്‍ഡ് 23) നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടി.സി. ഭവാനിയാണ് സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലില്‍ അംഗത്വമെടുത്തത്. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ കോട്ടൂരില്‍നിന്ന് ഇത്തവണ കോണ്‍ഗ്രസ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഭവാനി വിജയിച്ചത്. കഴിഞ്ഞദിവസമാണ് മൃഗസംരക്ഷണ വകുപ്പില്‍ പാര്‍ട്ട്ടൈം സ്വീപ്പറായി ഭവാനിക്കു ജോലി ലഭിച്ചത്. ജോലി ലഭിച്ചതിനെത്തുടര്‍ന്ന് നഗരസഭ സെക്രട്ടറിക്ക് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ഭവാനി നല്‍കുകയും ചെയ്തു.
സി.പി.എം. കോട്ടൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായ ഭവാനി പാര്‍ട്ടി അംഗത്വവും രാജിവച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ പൂര്‍ണസമയ ജോലിയുള്ള നിരവധി പേര് പാര്‍ട്ടി അംഗത്വത്തില്‍ തുടരുന്നുണ്ട്. എന്നിരിക്കെയാണ് ഭവാനി സി.പി.എം. അംഗത്വം ഒഴിവാക്കിയത്. മൃഗസംരക്ഷണ വകുപ്പിലെ അലവിലെ ഓഫീസിലാണ് ഭവാനി ചുമതലയേറ്റത്. ഇതിനു പിറകെയാണ് ഇന്നലെ ശ്രീകണ്ഠപുരത്ത് നടന്ന ചടങ്ങില്‍ ജോയിന്റ് കൗണ്‍സിലില്‍ ഭവാനി അംഗത്വമെടുത്തത്. സര്‍വീസ് മേഖലയില്‍ സി.പി.എമ്മിന്റെ ശക്തമായ എന്‍.ജി.ഒ. യൂണിയന് നിലവിലിരിക്കെയാണ് ഭവാനി ജോയിന്റ് കൗണ്‍സിലില്‍ ചേര്‍ന്നത്.
പങ്കാളിത്ത പെന്ഷന് ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന സംഘടന എന്ന നിലയിലാണു ജോയിന്റ് കൗണ്‍സിലില്‍ അംഗത്വം സ്വീകരിച്ചതെന്നു ഭവാനി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ഇരിക്കൂര്‍ മേഖല പ്രസിഡന്റ് കെ.വി. ജിതിനില്‍ നിന്നാണ് അവര്‍ അംഗത്വം സ്വീകരിച്ചത്. ജില്ലാ കൗണ്‍സിലംഗം പി. റഹ്മത്ത്, സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. കൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തളിപ്പറമ്പ് മാന്ധംകുണ്ടില്‍ കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നതു സി.പി.എമ്മിനു കനത്ത ആഘാതമായിരുന്നു. കണ്ണൂരിലും പ്രമുഖരായ സി.പി.എം. നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. ഇതിനുപിറകെ ഭവാനിയുടെ ജോയിന്റ് കൗണ്‍സില്‍ പ്രവേശവും സി.പി.എമ്മിന് ആഘാതമായി. അവര്‍ക്ക് പാര്‍ട്ട് ടൈം സ്വീപ്പറായി നിയമനം ലഭിച്ച മൃഗസംരക്ഷണ വകുപ്പ് സി.പി.ഐ. ആണ് ഭരിക്കുന്നത്.

