ലീഗ് ലാ ലിഗയില്‍ റയാലിന് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗ് ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിന് തോല്‍വി. റയോ വല്ലകാനോയാണ് റയാല്‍ മാഡ്രിഡിന് സീസണിലെ ആദ്യ തോല്‍വി നേടിക്കൊടുത്തത്. സ്വന്തം തട്ടകമായ ഡി വാലെകാസ് സ്റ്റേഡിയത്തില്‍ 3-2 നാണു വല്ലകാനോ റയാലിനെ തോല്‍പ്പിച്ചത്.

തോറ്റതോടെ റയാല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 13 കളികളില്‍നിന്നു 34 പോയിന്റുള്ള ബാഴ്സലോണ ഒന്നാമതായി. റയാലിന് 13 കളികളില്‍നിന്നു 32 പോയിന്റാണ്. 21 പോയിന്റുള്ള വല്ലകാനോ എട്ടാം സ്ഥാനത്തായി. റയാലിനെതിരേ നടന്ന കഴിഞ്ഞ 20 കളികളില്‍ 19 ലും തോറ്റ വല്ലകാനോയ്ക്കു ജയം അപ്രതീക്ഷിതമായി.വല്ലകാനോ മത്സരത്തില്‍ അഞ്ചാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ഫ്രാന്‍ ഗാര്‍സിയയുടെ ക്രോസിനെ സാന്റി കോമസാന ഗോളിലേക്കു വഴി തിരിച്ചു. 37-ാം മിനിറ്റില്‍ റയാല്‍ തിരിച്ചെത്തി.

മാര്‍കോ അസന്‍സിയോയെ ഫ്രാന്‍സിസ്‌കോ ഗാര്‍സിയ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ലൂകാ മോഡ്രിച് ലക്ഷ്യത്തിലെത്തിച്ചു. നാലു മിനിറ്റിനു ശേഷം അസന്‍സിയയുടെ കോര്‍ണറിനെ ഈഡര്‍ മിലിറ്റാവോ ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത് ഗോളാക്കി. ഒന്നാം പകുതിയുടെ അവസാന നിമിഷം റയാല്‍ ബോക്സിലെ കൂട്ടപ്പൊരിച്ചില്‍ മുതലാക്കി അല്‍വാരോ ഗാര്‍സിയ റയോയെ ഒപ്പമെത്തിച്ചു.

സമനിലയില്‍ തുടര്‍ന്ന മത്സരത്തിന് 67-ാം മിനിറ്റിലാണു വഴിത്തിരിവുണ്ടായത്. റയാല്‍ ബോക്സില്‍ ഡാനി കാര്‍വഹാലിന്റെ ഹാന്‍ഡ് ബോളിനു റഫറി വാര്‍ പരിശോധിച്ചു പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഓസ്‌കാര്‍ ട്രെജോ ഗോള്‍ കീപ്പര്‍ തിബൗത്ത് കോര്‍ട്ടോസിസിനെ അനായാസം മറികടന്നു.ബാഴ്സലോണ ഹോം മത്സരത്തില്‍ അല്‍മീരിയയെ 2-0 ത്തിനു തോല്‍പ്പിച്ചിരുന്നു. ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ഒസുമാനെ ഡെംബലെ, ഫ്രെഡ് ഡി ജോങ് എന്നിവര്‍ ബാഴ്സയ്ക്കു വേണ്ടി ഗോളടിച്ചു. ഏഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബാഴ്സ സ്ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി പാഴാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →