സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തിരച്ചിൽ

കോഴിക്കോട്: ഓപ്പറേഷൻ തീയേറ്ററുകളിൽ ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഇഞ്ചക്ഷൻ മരുന്നു പോലും കേരളത്തിൽ ലഹരിക്കായി ഉപയോഗിക്കുന്നതിന്റെ തെളിവുകളുടെ റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം കിട്ടുന്ന മെഫൻട്രമിൻ സൾഫേറ്റ് ഓൺലൈൻ വഴി പർച്ചേസ് ചെയ്തു ലഹരിക്കായി ഉപയോഗിക്കുന്നതാണ് തുറന്നുകാട്ടുന്നത്. ഇതടക്കം ചുഴലിക്കും വിഷാദരോഗത്തിനും ഉള്ള മരുന്നുകളും വേദനസംഹാരികളും ദുരുപയോഗം ചെയ്യുമ്പോൾ നിയമത്തിലെ അപര്യാപ്തത കാരണം പോലീസിനോ എക്സൈസിനോ കേസെടുക്കാൻ ആകുന്നില്ല.

ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷർ കുറയാതിരിക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ കിട്ടില്ല. പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ജിമ്മിലും കബഡി മത്സരത്തിലും ഇത് ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലായത്. ഓൺലൈൻ വഴി ഓർഡർ നൽകിയാൽ ആ മരുന്ന് എത്തും. അതും ഏഴു ദിവസത്തിനുള്ളിൽ. സൈറ്റിൽ കൊടുത്ത നമ്പർ എടുത്ത് ഓർഡർ നൽകിയാൽ മാത്രം മതി. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ഈ മരുന്ന് കിട്ടുമോ എന്ന ചോദ്യത്തിന് ഒരു പ്രശ്നവും ഇല്ലെന്നായിരുന്നു ഓൺലൈൻ വിതരണക്കാരന്റെ മറുപടി.

നിരോധിച്ച മയക്കുമരുന്ന് പട്ടികയിൽ മെഫൻട്രമിൻ സൾഫേറ്റ് ഇല്ലാത്തതിനാൽ ഇത് ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കാൻ പോലീസിനോ എക്സൈസിനോ പറ്റില്ല. ഈ കാര്യത്തിൽ ഡ്രഗ് കൺട്രോളറുടെ ഇടപെടലും ഉണ്ടാകാറില്ല. സ്ഥിരമായി ഉപയോഗിച്ചാൽ ഗുരുതരആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മരുന്നാണിത്. മാനസിക നിലയെ മാത്രമല്ല മിക്ക അവയവങ്ങളെയും ബാധിക്കുന്ന ആ മരുന്ന് ഉപയോഗം മരണത്തിലേക്ക് വരേ നയിച്ചേക്കാം. കാൻസറിന്റെ ഏറ്റവും അവസാന ഘട്ടത്തിൽ വേദന കുറക്കാൻ നൽകുന്ന ഗുളികകൾ, ഹൃദയാഘാതം ഉണ്ടായവർക്ക് നൽകുന്ന മരുന്നുകളും, ചുഴലി ദീനത്തിനുള്ള മരുന്ന് ഇങ്ങനെ പല മരുന്നുകളും ദുരുപയോഗം ചെയ്യുന്നുണ്ട്. ഒപ്പം ഓൺലൈൻ വഴി എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പെടെയുള്ള മയക്കുമരുന്നും തപാലിൽ കിട്ടും. വാട്സ്ആപ്പ് ഗ്രൂപ്പ്, ഇന്സ്റ്റാഗ്രാം, ഡാർക്ക് നെറ്റും അങ്ങനെ ലഹരി ഒഴുകുന്ന വഴികൾ പലതാണ്.

ഇതിനിടെ എംഡിഎംഎ കച്ചവടം നടത്തിയ ജോബിനെതിരെ തെളിവുകൾ സ്വീകരിച്ച ശേഷം അയാൾ നടത്തുന്ന ഹോസ്റ്റലുകൾ പൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശ്രീനിവാസ് ഐപിഎസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →