അഡ്ലെയ്ഡ്: ദക്ഷിണാഫ്രിക്ക തോറ്റതോടെ പാകിസ്താന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമായിരുന്നു. ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ സെമി കടക്കുമെന്ന് ഉറപ്പായി. അഞ്ച് വിക്കറ്റിനു ജയിച്ചതോടെ പാക് താരങ്ങള്‍ ആഹ്ളാദതിമിര്‍പ്പിലായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ടിന് 127 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന്‍ കളി തീരാന്‍ 11 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. നജ്മല്‍ ഹൊസൈന്‍ ഷാന്റോയും (48 പന്തില്‍ 54) ലിട്ടന്‍ ദാസും (എട്ട് പന്തില്‍ 10) ചേര്‍ന്നു മികച്ച തുടക്കം നല്‍കി. ലിട്ടണിനെ ഷാന്‍ മസൂദിന്റെ കൈയിലെത്തിച്ച ഷഹീന്‍ ഷാ അഫ്രീഡി വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചു.
സൗമ്യ സര്‍ക്കാര്‍ (17 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 20), ഷാക്കിബ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഷാബാദ് ഖാനും ആഞ്ഞടിച്ചു. മൊസാദക് ഹൊസൈന്‍ (20 പന്തില്‍ പുറത്താകാതെ 24) ഷാന്റോയ്ക്കൊപ്പം ചേര്‍ന്നതോടെ സ്‌കോറിങിനു വേഗമായി.മൊസാദക് ഹൊസൈന്‍ (അഞ്ച്), നൂറുള്‍ ഹസന്‍ (0), തസ്‌കിന്‍ അഹമ്മദ് (ഒന്ന്), നാസും അഹമ്മദ് (ഏഴ്) എന്നിവര്‍ വൈകാതെ പുറത്തായി. ഷാന്റോയെ ഇഫ്തിഖര്‍ അഹമ്മദ് പുറത്താക്കി. നാല് ഓവറില്‍ 22 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ഷഹീന്‍ ഷാ അഫ്രീഡി പാക് ബൗളര്‍മാരില്‍ മികച്ചുനിന്നു. ഷാബാദ് ഖാന്‍ രണ്ട് വിക്കറ്റും ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താനു കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. തസ്‌കിന്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് റിസ്വാന്‍ പുറത്താകേണ്ടതായിരുന്നു. റിസ്വാന്‍ നല്‍കിയ ക്യാച്ച് വിക്കറ്റ് കീപ്പര്‍ നൂറുള്‍ ഹസനു കൈപ്പിടിയിലൊതുക്കാനായില്ല.ജീവന്‍ കിട്ടിയ റിസ്വാന്‍ (32 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 32) നായകന്‍ ബാബര്‍ അസമിനൊപ്പം (33 പന്തില്‍ 25) കരുതലോടെയുള്ള തുടക്കം നല്‍കി.
ഓപ്പണര്‍മാര്‍ മെല്ലെ തുടങ്ങിയത് പാകിസ്താന് സമ്മര്‍ദം നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ അവര്‍ 57 റണ്ണെടുത്തെങ്കിലും 10 ഓവര്‍ കഴിഞ്ഞിരുന്നു. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായി. മുഹമ്മദ് നവാസ് (നാല്) റണ്ണൗട്ടായത് അവരെ ഞെട്ടിച്ചു. മുഹമ്മദ് ഹാരിസ് (18 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം 31) അടിച്ചു തുടങ്ങിയതോടെ സമ്മര്‍ദ്ദം കുറഞ്ഞു. ഹാരിസിനെ ഷാക്കിബ് നാസും അഹമ്മദിന്റെ കൈയിലെത്തിച്ചു.
ഷാന്‍ മസൂദ് 14 പന്തില്‍ 24 റണ്ണുമായിനിന്നു. ഇഫ്തിഖര്‍ അഹമ്മദിനെ (മൂന്ന് പന്തില്‍ ഒന്ന്) മുസ്താഫിസുര്‍ റഹ്മാനും പുറത്താക്കിയതോടെ ബംഗ്ലാദേശ് പ്രതീക്ഷകള്‍ ഉണര്‍ന്നു. പക്ഷേ ഷാദാബ് ഖാനെ (0) സാക്ഷിയാക്കി ഹാരിസ് വിജയ റണ്ണെടുത്തു. മികച്ച ബൗളിങ് പുറത്തെടുത്ത ഷഹീന്‍ ഷാ അഫ്രീഡിയാണു മത്സരത്തിലെ താരം.