ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു നേട്ടം. മൂന്നു സിറ്റിങ് സീറ്റുകളടക്കം നാലു സീറ്റുകളില്‍ ബി.ജെ.പി. ജയിച്ചപ്പോള്‍ കോണ്‍ഗ്രസിനു രണ്ടു സീറ്റ് നഷ്ടമായി.ഗോല ഗോകരന്‍നാഥ്(ഉത്തര്‍പ്രദേശ്), ഗോപാല്‍ഗഞ്ജ് (ബിഹാര്‍), ധാംനഗര്‍ (ഒഡീഷ) എന്നീ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയ ബി.ജെ.പി, ഹരിയാനയിലെ അദംപുര്‍ മണ്ഡലം കോണ്‍ഗ്രസില്‍ നിന്നു പിടിച്ചെടുത്തു. അദംപുരില്‍ കോണ്‍ഗ്രസ് എം.എല്‍.എ: കുല്‍ദീപ് ബിഷ്‌ണോയി രാജിവച്ചു ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിഷ്‌ണോയിയുടെ മകന്‍ ഭവ്യ ബിഷ്‌ണോയി ഇവിടെ ബി.ജെ.പി. ടിക്കറ്റില്‍ ജയിച്ചു.
ബിഹാറിലെ മൊകാമാ മണ്ഡലത്തില്‍ രാഷ്ട്രീയ ജനതാദളും തെലങ്കാനയിലെ മുനുഗോഡേയില്‍ ടി.ആര്‍.എസും മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷവും ജയിച്ചു.
തെലങ്കാനയിലെ മുനുഗോഡേയില്‍ കോണ്‍ഗ്രസ് എം.എല്‍.എ: കെ. രാജഗോപാല്‍ റെഡ്ഡി രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി. ടിക്കറ്റില്‍ മത്സരിച്ച രാജഗോപാല്‍ റെഡ്ഡിയെ ടി.ആര്‍.എസിന്റെ കെ. പ്രഭാകര്‍ റെഡ്ഡി തോല്‍പ്പിച്ചു. പതിനായിരത്തിലേറെയാണ് ഭൂരിപക്ഷം.
ബിഹാറിലെ ഗോപാല്‍ഗഞ്ജില്‍ ബി.ജെ.പിയുടെ കുസുമം ദേവി ആര്‍.ജെ.ഡിയുടെ മോഹന്‍ ഗുപ്തയെ 1,800 വോട്ടുകള്‍ക്കു തോല്‍പ്പിച്ചു. മൊകാമയില്‍ മുന്‍ എം.എല്‍.എ: അനന്ത് സിങ്ങിന്റെ ഭാര്യയും ആര്‍.ജെ.ഡി. സ്ഥാനാര്‍ഥിയുമായ നീലം ദേവി ജയിച്ചു. 16,000 വോട്ടിനാണ് മുഖ്യ എതിരാളിയായ ബി.ജെ.പിയുടെ സോനം ദേവിയെ നീലം പരാജയപ്പെടുത്തിയത്. അനധികൃതമായി തോക്കു െകെവശംവച്ചതിന്റെ പേരില്‍ അനന്ത് സിങ്ങിനെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിതീഷ് കുമാറിന്റെ ജെ.ഡി.(യു) ബി.ജെ.പി. സഖ്യം വിട്ടതിനുശേഷം ബിഹാറില്‍ നടക്കുന്ന ആദ്യതെരഞ്ഞെടുപ്പാണിത്.
യു.പിയിലെ ഗോല ഗോകരന്‍നാഥ് ബി.ജെ.പി. നിലനിര്‍ത്തി. അന്തരിച്ച നിയമസഭാംഗം അരവിന്ദ് ഗിരിയുടെ മകന്‍ അമന്‍ ഗിരി 34,298 വോട്ടുകള്‍ക്ക് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു.
ഒഡീഷയിലെ ധാംനഗറില്‍ ബി.ജെ.പി നേതാവ് ബിഷ്ണു ചരണ്‍ സേതിയുടെ മരണത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി രംഗത്തിറങ്ങിയ മകന്‍ സൂര്യബന്‍ഷി സൂരജ് സീറ്റ് നിലനിര്‍ത്തി. സൂരജ് 80,351 വോട്ട് നേടിയപ്പോള്‍ എതിരാളി ബി.ജെ.ഡിയുടെ അബന്തി ദാസ് 70,470 വോട്ട് പെട്ടിയിലാക്കി.