മെല്‍ബണ്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ നേരിടുന്നത് ഇംഗ്ലണ്ട്. ഇന്ത്യ സൂപ്പര്‍ 12 ഗ്രൂപ്പ് 2 വിലെ ഒന്നാമതും ഇംഗ്ലണ്ട് ഗ്രൂപ്പ് 1 ലെ രണ്ടാമനുമാണ്.അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്വേയെ 71 റണ്ണിനു തോല്‍പ്പിച്ചാണ് ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 186 റണ്ണെടുത്തു.
മറുപടി ബാറ്റ് ചെയ്ത സിംബാബ്വേ 17.2 ഓവറില്‍ 115 റണ്ണിന് ഓള്‍ഔട്ടായി.സൂര്യകുമാര്‍ യാദവിന്റെ (25 പന്തില്‍ നാല് സിക്സറും ആറ് ഫോറുമടക്കം പുറത്താകാതെ 61) വെടിക്കെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ ലോകേഷ് രാഹുലും (35 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം 51) അര്‍ധ സെഞ്ചുറിയടിച്ചു. വിരാട് കോഹ്ലി (25 പന്തില്‍ 26), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരും വെടിക്കെട്ടായി.ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാനുറച്ചു. രാഹുലും രോഹിതും ചേര്‍ന്ന് മൂന്ന് ഓവറില്‍ 25 കടന്നു.രോഹിതിനെ ബ്ലെസിങ് മുസര്‍ബാനി ഹാമില്‍ട്ടണ്‍ മസകാഡ്സയുടെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട് തകര്‍ന്നു. കോഹ്ലിയും രാഹുലും ചേര്‍ന്നതോടെ സിംബാബ്വേ ബൗളര്‍മാര്‍ തളര്‍ന്നു. കോഹ്ലിയെ സീന്‍ വില്യംസ് റയാന്‍ ബള്ളിന്റെ കൈയിലെത്തിക്കുമ്പോള്‍ ഇന്ത്യ നൂറിന് അടുത്തായിരുന്നു. നൂറിന് അഞ്ച് റണ്‍ അകലെ രാഹുലും മടങ്ങി. രാഹുലിനെ സികന്ദര്‍ റാസ ഹാമില്‍ട്ടണ്‍ മസകാഡ്സയുടെ കൈയിലെത്തിച്ചു. 34 പന്തിലാണു രാഹുല്‍ അര്‍ധ സെഞ്ചുറിയടിച്ചത്. ദിനേഷ് കാര്‍ത്തിക്കിനു പകരമിറങ്ങിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും (അഞ്ച് പന്തില്‍ മൂന്ന്) വില്യംസിന്റെ പന്തില്‍ ബള്ളിന്റെ കൈയില്‍ അവസാനിച്ചു. സൂര്യയും പാണ്ഡ്യയും ഒന്നിച്ചതോടെ ഇന്ത്യക്കു വീണ്ടും വേഗമായി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 27 പന്തില്‍ 50 കടന്നു. 23 പന്തില്‍ 50 കടന്ന സൂര്യകുമാറാണു കൂടുതല്‍ ആക്രമിച്ചത്. അവസാന ഓവറിലാണു ഹാര്‍ദിക് പുറത്തായത്.
ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ സിംബാബ്വേയ്ക്ക് ഓപ്പണര്‍ വെസ്ലി മാധ്വീറിനെ നഷ്ടമായി. ഭുവനേശ്വര്‍ വെസ്ലിയെ വിരാട് കോഹ്ലിയുടെ കൈയിലെത്തിച്ചു. പിന്നാലെ വന്ന റെഗിസ് ചകാബ്വയും റണ്ണെടുക്കാതെ മടങ്ങി. ചകാബ്വയെ അര്‍ഷദീപ് സിങ് ബൗള്‍ഡാക്കി. നായകനും ഓപ്പണറുമായ ക്രെയ്ഗ് ഇര്‍വിനെ (15 പന്തില്‍ 13) ഹാര്‍ദിക് സ്വന്തം ബൗളിങ്ങില്‍ പിടികൂടി. സീന്‍ വില്യംസിനെയും (11) ടോണി മുന്‍യോങയെയും (അഞ്ച്) മുഹമ്മദ് ഷമി പുറത്താക്കി. അതോടെ സിംബാബ്വേ പരുങ്ങി. റാസയും (24 പന്തില്‍ 34) ബുള്ളും (22 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 35) പിടിച്ചുനിന്ന് സിംബാവ്വേയെ ദുരന്തത്തില്‍നിന്നു രക്ഷിച്ചു. ബള്‍, മസകാഡ്സ (ഒന്ന്), എന്‍ഗാരാവെ (ഒന്ന്) എന്നിവരെ അശ്വിന്‍ പുറത്താക്കി. റാസ ഒറ്റയ്ക്ക് പൊരുതിയെങ്കിലും ലക്ഷ്യത്തിന് അടുത്തെത്താനായില്ല. ഇന്ത്യക്കായി അശ്വിന്‍ മൂന്ന് വിക്കറ്റും ഷമി, ഹാര്‍ദിക് എന്നിവര്‍ രണ്ട് വിക്കറ്റു വീതവുമെടുത്തു. അര്‍ഷ്ദീപും ഭുവനേശ്വരും അക്ഷറും ഒരു വിക്കറ്റ് വീതമെടുത്തു.