ലയണല്‍ മെസി അര്‍ജന്റീന ടീമിനൊപ്പം ചേരുമെന്നു കോച്ച്

ബ്യൂണസ് അയേഴ്സ്: ഫുട്ബോള്‍ ലോകകപ്പിനു മുന്നോടിയായി സൂപ്പര്‍ താരം ലയണല്‍ മെസി 14 ന് അര്‍ജന്റീന ടീമിനൊപ്പം ചേരുമെന്നു കോച്ച് ലയണല്‍ സ്‌കാലോണി. 22 ന് സൗദി അറേബ്യക്കെതിരേയാണ് അര്‍ജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവരാണ് അര്‍ജന്റീനക്ക് ഒപ്പം സി ഗ്രൂപ്പിലുള്ളത്. സൗദിക്കെതിരായ മത്സരം കഴിഞ്ഞു നാലു ദിവസങ്ങള്‍ക്കു ശേഷം മെക്സിക്കോയെയും 30 നു പോളണ്ടിനെയും മെസിയും കൂട്ടരും നേരിടും. കോപാ അമേരിക്കന്‍ ജേതാക്കളായാണ് അര്‍ജന്റീന ലോകകപ്പിനെത്തുന്നത്. മെസിയുടെ രാജ്യത്തിനു വേണ്ടിയുള്ള ആദ്യ കിരീടമായിരുന്നു അത്. കൂടാതെ തുടര്‍ച്ചയായി 35 മത്സരങ്ങളില്‍ അപരാജിതരായാണ് അവര്‍ ഖത്തറിലേക്കു വരുന്നത്.

മെസി അര്‍ജന്റീനയ്ക്കായി 165 കളികളില്‍നിന്ന് 90 ഗോളുകളടിച്ചു. സ്‌കലോണി കോച്ചായ ശേഷം 25 ഗോളുകളാണു മെസി അടിച്ചിട്ടത്. ലോകകപ്പ് മുന്‍നിര്‍ത്തി ലോറിയന്റിനെതിരേ നടന്ന ലീഗ് വണ്‍ മത്സരത്തില്‍നിന്നു പാരീസ് സെയിന്റ് ജെര്‍മെയ്ന്‍ മെസിയെ ഒഴിവാക്കിയിരുന്നു.ഉപ്പൂറ്റിക്കേറ്റ പരുക്കു ഗുരുതരമാകാതിരിക്കാനാണു സൂപ്പര്‍ താരത്തെ ഒഴിവാക്കിയതെന്നും പി.എസ്.ജി. വ്യക്തമാക്കി. പി.എസ്.ജിക്കായി ഈ സീസണില്‍ 12 ഗോളുകളും 14 അസിസ്റ്റുകളും കുറിക്കാന്‍ മെസിക്കായി. യുവന്റസിനെതിരേ കഴിഞ്ഞയാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ മുഴുവന്‍ സമയവും മെസി കളത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →