തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പ് പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് പട്ടികവര്‍ഗക്കാര്‍ക്കായി സംഘടിപ്പിക്കുന്ന 4 കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള സിനിമ നിര്‍മ്മാണം (40 സീറ്റുകള്‍- 5 ദിവസം), തിരക്കഥ ( 40 സീറ്റുകള്‍ – 10 ദിവസം), അഭിനയം ( 25 സീറ്റുകള്‍ – 5 ദിവസം), സിനിമാ നിരൂപണം (40 സീറ്റുകള്‍ – 5 ദിവസം) എന്നിവയാണ് കോഴ്‌സുകള്‍. കോഴ്‌സുകള്‍ നവംബര്‍ 30 മുതല്‍ ഡിംസബര്‍ 25 വരെയുള്ള കാലയളവില്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.അപേക്ഷകര്‍ 18 തികഞ്ഞവരും ചലച്ചിത്രമേഖല കരിയര്‍ ആയി മാറ്റാന്‍ താത്പര്യമുള്ളവരുമായിരിക്കണം.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണെങ്കിലും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരേയും പരിഗണിക്കും. ഇംഗ്ലീഷ്/ ഹിന്ദിയിലായിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ദ്വഭാഷിയുടെ സേവനം ഉണ്ടായിരിക്കുമെങ്കിലും ഇംഗ്ലീഷ്/ഹിന്ദി ഭാഷയില്‍ ക്ലാസുകള്‍ മനസിലാക്കാന്‍ സാധിക്കുന്നവരായിരിക്കണം അപേക്ഷകര്‍. ക്ലാസുകള്‍ റസിഡന്‍ഷ്യല്‍ രീതിയിലായതിനാല്‍ താമസിച്ചു പഠിക്കാന്‍ താത്പര്യമുള്ളവരായിരിക്കണം.അപേക്ഷകള്‍ നവംബര്‍ 14 നകം ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, വികാസ്ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലോ വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേന ഓണ്‍ലൈനായോ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ ഹാര്‍ഡ്‌കോപ്പി അയയ്‌ക്കേണ്ടതില്ല. ക്ലാസുകള്‍ എറണാകുളം ട്രൈബല്‍ കോംപ്ലക്‌സില്‍ വച്ച് സംഘടിപ്പിക്കും. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ 0471 2303229 നടത്തണം.

