ഷിംല: ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം മുതലെടുക്കാനാവാതെ കോണ്‍ഗ്രസ്. സര്‍ക്കാരിനെതിരായ വികാരം തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുന്ന നേതാക്കളുടെ അഭാവമാണ് പാര്‍ട്ടിക്ക് തലവേദനയാകുന്നത്.
കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനു പകരം വയ്ക്കാവുന്ന നേതാവില്ലാത്തതാണ് തങ്ങളുടെ ദൗര്‍ബല്യമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വവും രഹസ്യമായി സമ്മതിക്കുന്നു. ആറുതവണ മുഖ്യമന്ത്രിയും മൂന്നു തവണ കേന്ദ്രമന്ത്രിയും നാലു തവണ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായി വീരഭദ്ര സിങ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ആരെയും ഉയര്‍ത്തിക്കാട്ടുന്നില്ല. എന്നാല്‍, വീരഭദ്ര സിങ്ങിന്റെ ഭാര്യയും എം.പിയുമായ പ്രതിഭാ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി, പ്രചാരണ വിഭാഗം അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിങ് സുക്കു എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.
ഫണ്ടിന്റെ ദൗര്‍ലഭ്യവും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. കേന്ദ്ര-സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പി. കാടിളക്കി നടത്തുന്ന പ്രചാരണത്തോട് കിടപിടിക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. പ്രചാരണത്തിന് സ്വന്തമായി മാര്‍ഗം കണ്ടെത്തണമെന്നാണ് സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന നിര്‍ദേശം. വിവാദ വിഷയങ്ങളില്‍ ചെന്നു തലയിടരുതെന്നും സ്ഥാനാര്‍ഥികള്‍ക്കു മുന്നറിയിപ്പുണ്ട്.ഭാരത് ജോഡോ യാത്രയുടെ തിരക്കിലായ രാഹുല്‍ ഗാന്ധിയാകട്ടെ, തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ഇനിയും സജീവമായിട്ടില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ കാംഗ്രയില്‍ റാലിയെ അഭിസംബോധന ചെയ്യുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക വാധ്ര ഗാന്ധി അറിയിച്ചിട്ടുണ്ട്. ഇതിനപ്പുറം പ്രചാരണ രംഗത്ത് ദേശീയ നേതാക്കളുടെ സാന്നിധ്യം ഇല്ലെന്നു തന്നെ പറയാം. 15 സീറ്റുള്ള കാംഗ്രയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തികേന്ദ്രം. ഇവിടെ 13 സീറ്റും നിലവില്‍ ബി.ജെ.പിയുടെ പക്കലാണ്. കാംഗ്രയിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ. പവന്‍ കാജലിനെയാണ് ബി.ജെ.പി. ഇത്തവണ കളത്തിലിറക്കുന്നത്.
മണ്ഡലത്തിലുടനീളം വ്യക്തിബന്ധമുള്ള കാജലിന്റെ ജനകീയത മുതലാക്കാമെന്ന കണക്കുകൂട്ടലാണ് ബി.ജെ.പി. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ കടന്നാക്രമിച്ചാണ് ബി.ജെ.പി. പ്രചാരണം മുറുകുന്നത്. കാംഗ്രയിലെ 15 മണ്ഡലങ്ങളില്‍ ആറിടത്തും കോണ്‍ഗ്രസിനായി മുന്‍മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും മക്കളും ബന്ധുക്കളുമാണ് മത്സരിക്കുന്നതെന്ന വസ്തുത ബി.ജെ.പിയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നു.
പ്രതിപക്ഷത്തെ ആശയക്കുഴപ്പം മുതലെടുത്ത് ഭരണവിരുദ്ധ വികാരം മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഔദ്യോഗികമായി ആരെയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടുന്നില്ലെങ്കിലും ഭരണം നിലനിര്‍ത്തുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂറിന് ഒരവസരം കൂടി നല്‍കുമെന്നാണ് സൂചന. എല്ലാം ഭദ്രമല്ലെങ്കിലും അതിശക്തമായ കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യവും അളവില്ലാത്ത സാമ്പത്തിക ശേഷിയും ബി.ജെ.പി. ക്യാമ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.