അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ഹിന്ദുസംഘടനയായ ശിവസേന തക്‌സലിയുടെ നേതാവ് സുധീര്‍ സുരി വെടിയേറ്റു മരിച്ചു. ക്ഷേത്രത്തിനു മുന്‍പില്‍ ക്ഷേത്ര മാനേജ്‌മെന്റിനെതിരേ പ്രതിഷേധധര്‍ണ നടത്തുമ്പോഴായിരുന്നു വെടിവയ്പ്പ്. സംഭവത്തില്‍ സന്ദീപ് സിങ് എന്നയാളെ അറസ്റ്റ് ചെയ്തു.
സുരിക്കു പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ നിന്നു മുന്നോട്ടുവന്ന് അക്രമി നിറയൊഴിക്കുകയായിരുന്നു. മറ്റു മൂന്നുപേര്‍ക്കൊപ്പം എസ്.യു.വിയില്‍ എത്തിയ അക്രമി വെടിവയ്പ്പിനുശേഷം സ്ഥലത്തു നിന്നു കടന്നു.
അമൃത്സറിലെ ഗോപാല്‍ മന്ദിര്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സൂരിയും ക്ഷേത്രം ഭരണസമിതിയിലെ ചിലരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ചില സിഖ് സംഘടനകളെയും ഖാലിസ്ഥാന്‍ അനുകൂലികളെയും വിമര്‍ശിച്ചുകൊണ്ടുള്ള പ്രകോപനപരമായ പ്രസംഗങ്ങളുടെയും വീഡിയോ സന്ദേശങ്ങളുടെയും പേരില്‍ വിവാദനായകനാണ് സൂരി. എന്നാല്‍, അക്രമത്തിന് ഇതുമായി ബന്ധമുണ്ടോയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വിദ്വേഷപ്രസംഗത്തിന് അഞ്ചോളം കേസുകള്‍ സൂരിക്കെതിരേയുണ്ട്.
പഞ്ചാബില്‍ നിരവധി ഹിന്ദുസംഘടനകള്‍ ശിവസേന എന്ന പേര് ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക്, മഹാരാഷ്ട്ര ആസ്ഥാനമായി ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേനയുമായി ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. ആം ആദ്മി ഭരണത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നതായി ബി.ജെ.പി. ആരോപിച്ചു.