പയ്യോളി (കോഴിക്കോട്): തിക്കോടി പെരുമാള്‍പുരത്ത് മര്‍ദ്ദനമേറ്റു നാല്‍പത്തഞ്ചുകാരന്‍ മരിച്ചു. പള്ളിക്കര എല്‍.പി. സ്‌കൂള്‍ സമീപം കുനിയില്‍കുളങ്ങര സഹദ് ആണ് മരിച്ചത്. മര്‍ദ്ദനമേറ്റ് ഗുരുതരമായ പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് സഹദിനെ പ്രതികള്‍ മര്‍ദിച്ചതെന്നാണു പോലീസ് നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ടു നാട്ടുകാരായ മൂന്നുപേരെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. തിക്കോടി പെരുമാള്‍താഴ ഷൈജന്‍, പയ്യോളി ഹൈസ്‌കൂളിനു സമീപം തട്ടുകട നടത്തിവരുന്ന അലി, ഇസ്മായില്‍ എന്നിവരെയാണു പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്ത്. പ്രതികളെന്നു സംശയിക്കപ്പെടുന്ന മറ്റു രണ്ടു പേര്‍ക്കെതിരേ പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സഹദിന്റെ പിതാവ്: പരേതനായ മൊയ്തീന്‍. മാതാവ്: നഫീസ. ഭാര്യ: ജിനീത. മക്കള്‍: ജാസില്‍, ഷഹബാസ്. സഹോദരങ്ങള്‍: റഷീദ്, നവാസ്, അനസ്, സീനത്ത്, ബാബു, നജീബ്, നസീമ.