ന്യൂഡല്‍ഹി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 2022 ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്തിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ അഞ്ച്, പത്ത് തീയതികളില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ഒന്നാം ഘട്ടത്തില്‍ നവംബര്‍ 14 വരെയും രണ്ടാം ഘട്ടത്തില്‍ 17 വരെയും പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 15, 18 തീയതികളില്‍ നടക്കും. 17, 21 തീയതികള്‍ വരെ പത്രിക പിന്‍വലിക്കാം. ഇത്തവണ ഗുജറാത്തില്‍ ആകെ 4.9 കോടി വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഇതില്‍ 3,24,422 പേര്‍ പുതിയ വോട്ടര്‍മാരാണ്. ആകെ 51,782 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ഇതില്‍ 50% പോളിംഗ് സ്റ്റേഷനുകളിലെങ്കിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് ഗുജറാത്തില്‍ 142 മോഡല്‍ പോളിങ് സ്റ്റേഷനുകളാണുള്ളത്. 1274 പോളിംഗ് സ്റ്റേഷനുകളില്‍ സ്ത്രീകളെ മാത്രം വിന്യസിക്കും. ഇത്തവണ ഷിപ്പിംഗ് കണ്ടെയ്നറുകള്‍ പോള്‍ ബൂത്തുകളായി ഉപയോഗിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.കഴിഞ്ഞ 27 വര്‍ഷമായി ബിജെപി സര്‍ക്കാരാണ് ഗുജറാത്ത് ഭരിക്കുന്നത്. ഇത്തവണയും അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അതേ സമയം ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനിടയില്‍ ഇരുവര്‍ക്കും പകരം പുതിയ ബദല്‍ കൊണ്ടുവരാനുള്ള വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടിയും സജീവമായി രംഗത്തുണ്ട്. ഗുജറാത്തില്‍ 182 നിയമസഭാ സീറ്റുകളാണുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ ബിജെപിയും 77 സീറ്റുകള്‍ കോണ്‍ഗ്രസും ആറ് സീറ്റുകള്‍ മറ്റു കക്ഷികളുമാണ് നേടിയത്. 2023 ഫെബ്രുവരി 18 വരെയാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി.

