കോഴിക്കോട് സി. ആര്‍. സിയുടെ ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സേവനങ്ങളുടെ ഉദ്ഘാടനം ചേവായൂര്‍ കോമ്പോസിറ്റ് റീജിയണല്‍ സെന്ററില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു. കോമ്പോസിറ്റ് റീജിയണല്‍ സെന്ററിനെ രാജ്യത്തെ മികച്ച കേന്ദ്രമാക്കി ഉയര്‍ത്താന്‍ സാധിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കേന്ദ്രത്തിന് സാധിക്കുമെന്നും അതിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
‘പൗരന്മാരുടെ ശാക്തീകരണം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ’ എന്ന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ദേശീയ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വ്വഹിച്ചു.
ഭിന്നശേഷിക്കാർക്കുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനമായി സി. ആര്‍. സി കോഴിക്കോടിനെ സര്‍ക്കാര്‍ ഇതിനോടകം നോട്ടിഫൈ ചെയ്തിട്ടുണ്ട്. ചേവായൂര്‍ കോമ്പോസിറ്റ് റീജിയണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനും ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജുമായ എസ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് കണ്ണൂര്‍ ജില്ലാ ജഡ്ജി ആര്‍.എല്‍ ബൈജു, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി ഷൈജല്‍ എന്നിവരെ ഗവര്‍ണര്‍ ചടങ്ങില്‍ ആദരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. സി.ആര്‍.സി ഡയറക്ടര്‍ ഡോ.റോഷന്‍ ബിജിലി സ്വാഗതവും സ്‌പെഷല്‍ എഡ്യുക്കേഷന്‍ മേധാവി ഡോ.സുനീഷ് ടി.വി നന്ദിയും പറഞ്ഞു.

