കട്ടപ്പന : മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ഡറി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമാകുന്നു. .പദ്ധതിയുടെ ഉത്‌ഘാടനം 2022 ഒകിടോബർ 4ന് ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിക്കും. പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജിൻറെയും , പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ‘സ്നേഹവലയ ‘ത്തിന്റെയും, പി ടി എ യുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിൽ വരുത്തുന്നത് .
പൊതുവെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. ഒരുമാസം മുമ്പ് രാവിലെ ഒരു പെൺകുട്ടി ഛർദ്ധിക്കുന്നതു ശ്രദ്ധയിൽ പെട്ട ലിൻസി ടീച്ചർ കണ്ടത് വെള്ളം മാത്രം ഛർദ്ധിക്കുന്ന കുട്ടിയെയാണ് . ചോദിച്ചപ്പോൾ ഒന്നും കഴിച്ചില്ലന്ന മറുപടിയാണ് ലഭിച്ചത് .അദ്ധ്യാപകരിലൊരാൾ കൊണ്ടുവന്ന ഇഡലി നൽകിയപ്പോൾ ആർത്തിയോടെ ഭക്ഷിക്കുന്നത് വീട്ടിലെ ദാരിദ്ര്യം മൂലമാണന്നു മനസിലാക്കിയ ലിൻസി ടീച്ചർ ഈ വിവരം സ്നേഹവലയം കൂട്ടായ്മയെ അറിയിക്കുകയും പി ടി എ യുടെയും സുമനസുകളുടെയും സഹകരണത്തോടെ പ്രഭാത ഭക്ഷണം നല്കാൻ തീരുമാനിക്കുകയുമായിരുന്നു.
ക്ലാസ്‌ടീച്ചർമാർ നൽകിയ ലിസ്റ്റ് പ്രകാരമാണ് അർഹതപ്പെട്ട കുട്ടികളെ കണ്ടെത്തിയത്. നിലവിൽ ഉച്ചഭക്ഷണത്തിന്റെ ചുമതല ലിൻസി ടീച്ചർക്കാണ് . സ്കൂളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠനം നടത്തുന്ന 287 പേർക്കാണ് ഗവണ്മെന്റ് ലിസ്റ്റ് പ്രകാരം ഉച്ചഭക്ഷണം നൽകേണ്ടത് എന്നാൽ ഹയർസെക്കൻഡറി വരെയുള്ള മുന്നൂറ്റിഅൻപത്തിൽ പരം കുട്ടികൾക്ക് ഇവിടെ ഉച്ചഭക്ഷണം നൽകുന്നുണ്ട് .സുമനസുകളുടെസഹായത്തോടെ നടപ്പാക്കുന്ന പ്രഭാത ഭക്ഷണപദ്ധതി ഹർസെക്കൻഡറി വിദ്യാർഥികളടക്കം നൂറിലധികം പേർക്ക് പ്രയോജനപ്പെടുമെന്ന് ലിൻസി ടീച്ചർ പറയുന്നു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ,സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ആശ ആന്റണി ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ,വൈസ് പ്രസിഡന്റ് സാലി ജോളി ,സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തങ്കമണി സുരേന്ദ്രൻ ,അംഗങ്ങളായ ജോമോൻ തെക്കേൽ ,റോയ് എവറസ്റ്റ് ,ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ജലജ വിനോദ് ,സഹകരണബാങ്ക് പ്രസിഡന്റ് കെ സി ബിജു , സ്കൂൾ പ്രിൻസിപ്പൽ സിന്ധു എസ് നായർ ,ഹെഡ്മാസ്റ്റർ ശിവകുമാർ പി പി ,പിടിഎ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി ,സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം കോഡിനേറ്റർ ലിൻസി ജോർജ് സ്നേഹവലയം കൺവീനർ മനോജ് എം വി ,വിനോദ്ഉത്തമൻ ,അനുപമ ശ്രീകുമാർ എന്നിവർ സംസാരിക്കും.

