കൊച്ചി: െഹെക്കോടതി സമുച്ചയത്തില്‍ ഓണ്‍െലെന്‍ പാസ് ഇല്ലാതെ ഇനി പൊതുജനങ്ങള്‍ക്കു പ്രവേശിക്കാനാവില്ല. കക്ഷികള്‍ക്കോ സന്ദര്‍ശകര്‍ക്കോ കോടതിയിലേക്കു പാസ് ഇല്ലാതെ പ്രവേശിക്കാനാവില്ലെന്നു വ്യക്തമാക്കി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ ഉത്തരവിറക്കി. കേസിലെ ഒരു കക്ഷി ഹൈക്കോടതി കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. കോടതി ജീവനക്കാര്‍ െഹെക്കോടതി വളപ്പില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യക്തമായി ധരിക്കണമെന്നും കോടതി ഉത്തരവിട്ടു.
എന്‍ട്രി പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് മെഷീനുകള്‍ വഴിയും ഹാജര്‍ രേഖപ്പെടുത്തണം. കോട്ട് ധരിക്കാത്ത അഭിഭാഷകര്‍ തിരിച്ചറിയലിനായി എന്‍ട്രി പോയിന്റുകളില്‍ അവരുടെ ഐ.ഡി. കാര്‍ഡ് കാണിക്കണം. എന്നാല്‍, അഭിഭാഷകവേഷം ധരിച്ചെത്തുന്നവരെ സംശയമുയര്‍ന്നാല്‍മാത്രമേ പരിശോധിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം, െഹെക്കോടതി കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് അഭിഭാഷക ഗുമസ്തന്മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.