ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍: റെഡ്ഡി – ഷെട്ടി സഖ്യത്തിന് കിരീടം

പാരീസ്: ഇന്ത്യയുടെ സാത്വിക്സായ്രാജ് റങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. പുരുഷ ഡബിള്‍സ് ഫൈനലില്‍ അവര്‍ ചൈനീസ് തായ്പേയുടെ ലു ചിങ് യാവു- യാങ് പോ ഹാന്‍ സഖ്യത്തെയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-13, 21-19. മത്സരം 48 മിനിറ്റ് നീണ്ടു. ലോക എട്ടാം നമ്പറായ ഇന്ത്യന്‍ ജോഡി 2019 ലെ റണ്ണര്‍ അപ്പാണ്. ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ 500, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം, തോമസ് കപ്പ് കിരീടം, ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലം എന്നിവയ്ക്കു ശേഷമാണു റെഡ്ഡി – ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണിലും ജേതാക്കളായത്. വേള്‍ഡ് ടൂറില്‍ ഇതുവരെ തായ്ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 (2019), ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ 500 എന്നിവ നേടി. സൂപ്പര്‍ 750 ടൂര്‍ണമെന്റില്‍ ജേതാക്കളാകുന്ന ആദ്യ ഇന്ത്യന്‍ ജോഡിയുമാണ്. വനിതാ സിംഗിള്‍സില്‍ ഡെന്‍മാര്‍ക്കിന്റെ കരോളിന മാരിനെ തോല്‍പ്പിച്ച് ചൈനയുടെ ഹേ ബിംഗ് ജിയോവോ കിരീടം നേടി. സ്‌കോര്‍: 16-21, 21-9, 22-20. ഡെന്‍മാര്‍ക്ക് താരങ്ങളുടെ കിരീടപ്പോരാട്ടം കണ്ട പുരുഷ വിഭാഗത്തില്‍ റാസ്മസ് ഗെംകേയെ തോല്‍പ്പിച്ചു വിക്ടര്‍ അക്സല്‍സെന്‍ കിരീടം നേടി. റെഡ്ഡി – ഷെട്ടി സഖ്യത്തിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നു ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ശങ്കര്‍ മുത്തുസ്വാമിക്കും അഞ്ച് ലക്ഷം രൂപ പാരിതോഷികമായി ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →