ബ്രസീലിയ: ടി ഷര്‍ട്ട് ധരിച്ചു വോട്ട് തേടുന്ന നേതാവ്. ബ്രസീലുകാര്‍ക്ക് അതൊരു പുതുമയായിരുന്നു. ആ പുതുമയെ യുവതലമുറ ഇരുെകെയും നീട്ടി സ്വീകരിച്ചപ്പോള്‍ 2002ല്‍ 60 ശതമാനത്തിലേറെ വോട്ടുമായി ലുല ഡിസില്‍വ ബ്രസീല്‍ പ്രസിഡന്റായി.ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളില്‍ നാലാം സ്ഥാനത്തുള്ള ബ്രസീലില്‍ അദ്ദേഹത്തിന്റെ പിന്തുണ കുതിക്കുന്നതാണു പിന്നീട് കണ്ടത്. 2006 ല്‍ അദ്ദേഹം വിജയം ആവര്‍ത്തിച്ചു. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കുടുങ്ങി 2010 ലായിരുന്നു അധികാരത്തിനു പുറത്തായത്. പിന്നീട് 18 മാസം ജയില്‍വാസം.അസ്തമിച്ചെന്ന് എല്ലാവരും കരുതിയ ലുല ഇതാ തിരിച്ചുവരികയാണ്. ”ഞാന്‍ തോറ്റാല്‍ ബ്രസീലിലെ പാവങ്ങളാണു തോല്‍ക്കുന്നത്” എന്ന അദ്ദേഹത്തിന്റെ പ്രചാരണ വാചകമാണ് ഇക്കുറി ബ്രസീല്‍ ഏറ്റെടുത്തത്. ഇതോടെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ ബ്രസീലും ഇടതുപക്ഷ പാതയിലേക്ക് തിരിച്ചെത്തുകയായി. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ ഭരണത്തിനാണ് ലുല അവസാനം കുറിച്ചത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍ മരിച്ചുവീണതോടെയാണു നിലവിലുള്ള പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോക്കെതിരേ ജനം തിരിഞ്ഞത്. ആരോഗ്യമന്ത്രിമാരെ മാറ്റി ജനരോഷം തണുപ്പിക്കാനുള്ള ശ്രമവും പാളി. വിലക്കയറ്റം, അഴിമതി, ആമസോണ്‍ വനനശീകരണം, ഗോത്രജനതയ്ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ ഇവയെല്ലാം ലുലയുടെ ആയുധങ്ങളായി.
തോക്ക് കൈവശം വയ്ക്കാനുള്ള നടപടി ഉദാരമാക്കിയതും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ചതും ബൊല്‍സൊനാരോക്ക് കുരുക്കായി. ആമസോണ്‍ പ്രദേശങ്ങളില്‍ ഉള്‍പ്പടെ ഖനനത്തിനും മരംമുറിക്കും അനുമതി നല്‍കിയതിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിനും അദ്ദേഹം അനഭിമതനായി. യു.എസ്. പ്രസിഡന്റായിരുന്ന ഡോണാള്‍ഡ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ മാതൃകാ പുരുഷന്‍. ഇപ്പോള്‍ ട്രംപ് മാതൃകയില്‍ അധികാരം ഒഴിയാന്‍ വിസമ്മതിക്കുകയാണ് ബൊല്‍സൊനാരോ. ദരിദ്ര കുടുംബത്തിലാണു ലുലയുടെ ജനനം. വിദ്യാര്‍ഥി നേതാവെന്ന നിലയിലായിരുന്നു തുടക്കം. 1989 ലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആദ്യ മത്സരം. പരാജയമായിരുന്നു ഫലം. 2002 ല്‍ ആദ്യവിജയം.ഇതോടെ ബ്രസീല്‍ പ്രസിഡന്റാകുന്ന ആദ്യ തൊഴിലാളി പ്രതിനിധി എന്ന ബഹുമതി അദ്ദേഹത്തിനായി. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ജനസമ്മതി 80 ശതമാനമായി ഉയര്‍ന്നു. ”ലോകത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവ്” എന്ന വിശേഷണമാണ് അന്ന് യു.എസ്. പ്രസിഡന്റായിരുന്ന ബരാക് ഒബാമ നല്‍കിയത്.അഴിമതിക്കേസില്‍ കുടുങ്ങിയതോടെയാണു ജയിലിലായത്. കാര്യമായ തെളിവൊന്നുമില്ലാതെ ലുലയെ ജയിലിലടച്ചതിനെതിരേ രാജ്യത്ത് പ്രക്ഷോഭവും ഉണ്ടായി.

