തൊടുപുഴ: പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും. കോടിക്കുളം ചെറുതോട്ടുങ്കല്‍ മക്കുപാറയ്ക്കല്‍ ആല്‍ബിന്‍ ആന്റണിയെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സന്‍ എം. ജോസഫ് ശിക്ഷിച്ചത്. മുത്തശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രാത്രി സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനാണു ശിക്ഷ. പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആറ് മാസം തടവും അനുഭവിക്കണം.
2016 നവംബര്‍ 18 നാണു കേസിനാസ്പദമായ സംഭവം നടന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സലിങ്ങിലാണ് പീഡന വിവരം പുറത്തു വന്നത്. വിചാരണക്കിടെ ഒളിവില്‍ പോയ പ്രതിയുടെ ജാമ്യം കോടതി നേരത്തേ റദ്ദാക്കിയിരുന്നു. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി. വാഹിദ ഹാജരായി.

