തിരുവനന്തപുരം: മ്യൂസിയത്തും കുറവന്‍കോണത്തും സ്ത്രീകള്‍ക്കു നേരേ അതിക്രമം നടത്തിയത് ഒരേയാള് അല്ലെന്ന് പോലീസ്. രണ്ടുപേരുടെയും ശരീരഘടനയില്‍ വ്യത്യാസമുണ്ടെന്നും മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ചയാള്‍ക്ക് നല്ല ശാരീരിക ക്ഷമതയുണ്ടെന്നും വിശദീകരണം. അതിനിടെ, കുറവന്‍കോണത്ത് അതിക്രമം കാട്ടിയ അതേയാള്‍ ഒക്ടോബര്‍ 31ന് രാത്രിയും ഈ വീട്ടിലെത്തി. മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. സി.സി.ടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതില്‍നിന്നാണ് കഴിഞ്ഞദിവസം കണ്ട അതേ ആള് തന്നെയെന്നു വ്യക്തമാകുന്നത്. എന്നാല്‍, അക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഡി.സി.പി: അജിത് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. കുറവന്‍കോണത്ത് പ്രതി വീട്ടില്‍ കയറിയതിനു മണിക്കൂറുകള്‍ക്കു പിന്നാലെയാണ് മ്യൂസിയം പരിസരത്ത് യുവതിക്കുനേരേ ആക്രമണം നടന്നത്. കുറവന്കോണത്തേത് സ്ഥിരം ശല്യക്കാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പോലീസും ഫൊറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി.
ചൊവ്വാഴ്ച്ച രാത്രി രാത്രി 9.45 മുതല്‍ പ്രതി കുറവന്‍കോണത്തെ വീടിന്റെ പരിസരത്തുണ്ടായിരുന്നു. രാത്രി 11.30 നാണ് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷം വീടിന്റെ മുകള്‍നിലയിലേക്കുള്ള ഗേറ്റിന്റെയും മുകള്‍നിലയിലെ ഗ്രില്ലിന്റെയും പൂട്ടുതകര്‍ത്തു. ജനലും തകര്‍ക്കാന്‍ ശ്രമിച്ചു. മൂന്നരവരെ ഇയാള്‍ ഇവിടെ തന്നെയുണ്ടായിരുന്നു. പിന്നാലെയാണ് മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആള്‍തന്നെയല്ലേ ഇതെന്ന സംശയം ബലപ്പെട്ടത്. കഴിഞ്ഞദിവസം വീണ്ടും ഇയാള്‍ ഇതേവീട്ടില് തന്നെയെത്തിയതോടെ പോലീസിന്റെ പട്രോളിങ് കാര്യക്ഷമമല്ലെന്ന ആരോപണവും ഉയര്‍ന്നു. മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആള്‍ക്ക് ഇയാളുമായി സാദൃശ്യമുണ്ടെന്നാണ് പരാതിക്കാരി ആവര്‍ത്തിക്കുന്നത്. ഇതുവരെ എട്ടുപേരെ ചോദ്യംചെയ്ത് തിരിച്ചറിയല്‍ പരേഡ് നടത്തി വിട്ടയച്ചു. ആരേയും യുവതി തിരിച്ചറിഞ്ഞില്ല.

