പെര്‍ത്ത്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചതോടെ പാകിസ്താന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി.
മൂന്ന് കളികളില്‍ രണ്ടും ജയിച്ച ദക്ഷിണാഫ്രിക്ക അഞ്ച് പോയിന്റുമായി സൂപ്പര്‍ 12 ഗ്രൂപ്പ് 2 ല്‍ ഒന്നാമതായി. അവരുടെ ഒരു മത്സരം മഴ കൊണ്ടു പോയി. മൂന്ന് കളകളില്‍നിന്നു നാല് പോയിന്റ് നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കിറങ്ങി. മൂന്നാം സ്ഥാനത്തുള്ള ബം ാദേശിനും മൂന്ന് കളികളില്‍നിന്നു നാല് പോയിന്റാണ്. മികച്ച റണ്‍ റേറ്റാണ് ഇന്ത്യക്കു മുന്‍തൂക്കം നല്‍കിയത്. ഇന്ത്യയുടെ അടുത്ത മത്സരം നവംബര്‍ രണ്ടിന് ബം ാദേശിനെതിരേയാണ്. പാകിസ്താന്റെ അടുത്ത മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വേയും പാകിസ്താന്‍ ബംഗ്ലാദേശിനെയും നേരിടും. ഇന്ത്യയുടെ തോല്‍വി പാകിസ്താന്റെ പ്രതീക്ഷകള്‍ക്കു വിഘാതമായി.
പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സൂര്യകുമാര്‍ യാദവിന്റെ (40 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 68) വെടിക്കെട്ട് ഇന്ത്യയെ ഒന്‍പതിന് 133 റണ്ണെന്ന നിലയിലെത്തിച്ചു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അവസാന ഓവറിലാണു ജയമറിഞ്ഞത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍. മൂന്നും നാലും പന്തുകള്‍ അതിര്‍ത്തി കടത്തി ഡേവിഡ് മില്ലര്‍ (46 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 59) ടീമിനെ ജയത്തിലെത്തിച്ചു. എയ്ദീന്‍ മാര്‍ക്രമും (41 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 52) മില്ലറും ചേര്‍ന്ന കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചത്. മാര്‍ക്രമിനെയും ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും (ആറ്) പുറത്താക്കി ഇന്ത്യ ജയപ്രതീക്ഷ നല്‍കിയിരുന്നു. അര്‍ഷ്ദീപ് സിംഗ് ഒരേ ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെയും (ഒന്ന്) റീലി റോസോയെയും (0) പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക ഞെട്ടിയിരുന്നു. മോശം ഫോമില്‍ കളിക്കുന്ന നായകനും ഓപ്പണറുമായ തെംബ ബാവുമയെ മുഹമ്മദ് ഷമിയും പുറത്താക്കിയതോടെ അവര്‍ മൂന്നിന് 24 റണ്ണെന്ന നിലയിലേക്ക് വീണു.
മാര്‍ക്രവും മില്ലറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 76 റണ്‍ നേടി. മാര്‍ക്രത്തെ സൂരുകുമാര്‍ യാദവിന്റെ കൈയിലെത്തിച്ച് പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. മത്സരം അവസാന നാല് ഓവറുകളിലേക്ക് കടന്നപ്പോള്‍ 32 റണ്ണായിരുന്നു ദക്ഷിണാഫ്രിക്ക നേടേണ്ടിയിരുന്നത്. അര്‍ഷ്ദീപ് എറിഞ്ഞ 17-ാം ഓവറില്‍ ഏഴ് റണ്‍ മാത്രം പിറന്നെങ്കിലും അടുത്ത ഓവറില്‍ അശ്വിനെ തുടരെ രണ്ട് സിക്‌സറുകളടിച്ച് മില്ലര്‍ കാര്യങ്ങള്‍ അനുകൂലമാക്കി. അതേ ഓവറില്‍ അശ്വിന്‍ ട്രിസ്റ്റനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയിരുന്നു. അശ്വിന്റെ നാല് ഓവറുകളിലായി 43 റണ്‍ പിറന്നു. 29 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ലുങ്കി എന്‍ഗിഡിയും 15 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വെയ്ന്‍ പാര്‍നലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ മുന്നിട്ടുനിന്നു. ആന്റിച് നോര്‍ടിയ ഒരു വിക്കറ്റുമെടുത്തു. നായകന്‍ രോഹിത് ശര്‍മയാണ് (14 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 15) ആദ്യം പുറത്തായത്. രോഹിതിനെ എന്‍ഗിഡി സ്വന്തം ബൗളിങ്ങില്‍ പിടികൂടി. നിറംമങ്ങിക്കളിക്കുന്ന ലോകേഷ് രാഹുലിനെ (14 പന്തില്‍ ഒരു സിക്‌സറടക്കം ഒന്‍പത്) എന്‍ഗിഡി മര്‍ക്രാമിന്റെ കൈയിലെത്തിച്ചു. മുന്‍ നായകന്‍ വിരാട് കോഹ്‌ലി (11 പന്തില്‍ 12), ദീപക് ഹൂഡ (0) എന്നിവരും വൈകാതെ മടങ്ങി. അക്ഷര്‍ പട്ടേലിനെ പുറത്തിരുത്തിയാണു ദീപക് ഹൂഡയെ കളിപ്പിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (രണ്ട്), ആര്‍. അശ്വിന്‍ (ഏഴ്) എന്നിവരും തിളങ്ങാനായില്ല. ദിനേഷ് കാര്‍ത്തിക്കിന്റെ (15 പന്തില്‍ ആറ്) കൂട്ടുപിടിച്ചാണു സൂര്യകുമാര്‍ തകര്‍ത്തടിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 37 പന്തില്‍ 50 റണ്ണെടുത്തു. 30 പന്തുകളിലാണു സൂര്യകുമാര്‍ അര്‍ധ സെഞ്ചുറി കടന്നത്.

