പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം: പാറശാലയിലെ ഷാരോണിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു കൃത്യം നടത്തിയതെന്ന് ഗ്രീഷ്മ സമ്മതിച്ചാതായി എഡിജിപി പറഞ്ഞു. കടയിൽ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ ഷാരോണിന് നൽകിയത്. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി ഉപയോ​ഗിച്ച് ഗ്രീഷ്മ കഷായം വീട്ടിലുണ്ടാക്കുകയായിരുന്നു. പിന്നീട് നേരത്തെ വീട്ടിലുണ്ടായിരുന്ന കീടനാശിനി ഉപയോഗിച്ചു. ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ആന്തരികാവയവങ്ങൾക്ക് കേടുണ്ടാക്കാൻ സാധിക്കുന്ന രാസവസ്തുവാണിത്.

കഷായത്തിന് ശേഷം ഷാരോണിന് ഗ്രീഷ്മ ജ്യൂസും നൽകിയെന്നും പൊലീസ് വിശദീകരിക്കുന്നു. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം ജാതകദോഷം കാരണം പറഞ്ഞ് ഷാരോണിനെ ഉപേക്ഷിക്കാൻ ഗ്രീഷ്മ നോക്കിയിരുന്നു. എന്നാൽ ഷാരോൺ ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ മുൻ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നതായി എഡിജിപി പറഞ്ഞു. 2022 ഒക്ടോബർ 26,27 തിയതികളിൽ ഗ്രീഷ്മയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ കേസിൽ ബാഹ്യഇടപെടൽ ഉണ്ടായതായി തെളിവില്ലെന്നും മാതാപിതാക്കളെ പ്രതിയാക്കാൻ നിലവിൽ തെളിവുകളില്ലെന്നും എഡിജിപി പറഞ്ഞു.

എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ 2022 സെപ്തംബർ മാസം 14 നാണ് റെക്കോഡ് ബുക്ക് തിരിച്ചുവാങ്ങാൻ സുഹൃത്തിനൊപ്പം യുവതിയുടെ വീട്ടിൽ ഷാരോൺ പോയത്. എന്നാൽ ഇവിടെ നിന്നും ശാരീരികാസ്വസ്ഥതകളോടെയാണ് ഷാരോൺ തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായാണ് മരണം. യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിൻറെ ബന്ധുക്കൾ ആദ്യമേ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →