ലാഹോര്‍: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യവുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ലോങ് മാര്‍ച്ച്. ലാഹോറില്‍ 29/10/2022 തുടക്കമിട്ട മാര്‍ച്ച് 380 കിലോമീറ്റര്‍ പിന്നിട്ട് ഇസ്ലാമാബാദില്‍ എത്തുമ്പോഴേക്കും വന്‍ പ്രക്ഷോഭമാക്കി മാറ്റാനാണ് ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ നീക്കം.നിരവധി പ്രതിസന്ധികള്‍ നേരിടുന്ന ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനു മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതാകും ലോങ് മാര്‍ച്ച്. ആയിരക്കണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കുചേരുമെന്നാണു കരുതുന്നത്. മാര്‍ച്ചിനിടെ വലിയ റാലികളും സംഘടിപ്പിക്കും. ഇസ്ലാമാബാദില്‍ സുരക്ഷാനടപടികള്‍ കര്‍ശനമാക്കി. ഭരണസിരാകേന്ദ്രങ്ങളിലേക്ക് ആളുകള്‍ ഇരച്ചുകയറിയാല്‍ തടയാനായി നൂറുകണക്കിനു ഷിപ്പിങ് കണ്ടെയ്നറുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
സഖ്യകക്ഷികളില്‍ ചിലര്‍ കൂറുമാറിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ അവിശ്വാസവോട്ടെടുപ്പിലൂടെ പുറത്തായ ഇമ്രാന്‍ ഖാന്‍ അന്നുമുതല്‍ ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നുണ്ട്. അടുത്ത വര്‍ഷം ഒക്ടോബറിലാണു രാജ്യത്തു തെരഞ്ഞെടുപ്പ് നടക്കേണ്ടത്.തന്നെ പുറത്താക്കിയതിനു പിന്നില്‍ സൈന്യമാണെന്ന് ഇമ്രാന്‍ ആരോപിച്ചതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഐ.എസ്.ഐ. മേധാവി വാര്‍ത്താസമ്മേളനം വിളിച്ച് ഇമ്രാനെതിരേ ആരോപണമുന്നയിക്കുന്ന സാഹചര്യവുമുണ്ടായി. സ്വന്തം താത്പര്യങ്ങള്‍ക്കായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരില്‍ നിന്നു പാകിസ്താനെ രക്ഷിക്കണമെന്നു ലോങ് മാര്‍ച്ചിനു പിന്തുണയുമായി ലാഹോറിലെത്തിയവര്‍ പറഞ്ഞു. അതിനിടെ, സ്വതന്ത്രമായ വിദേശനയത്തിന്റെ പേരില്‍ ഇമ്രാന്‍ വീണ്ടും ഇന്ത്യയെ പുകഴ്ത്തി. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദം തള്ളി റഷ്യയില്‍നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെയാണ് ഇമ്രാന്‍ പ്രശംസിച്ചത്.റഷ്യയില്‍ നിന്ന് വില കുറഞ്ഞ എണ്ണ ലഭിച്ചാല്‍ അതു വാങ്ങണമെന്നും എന്നാല്‍, അടിമകളായ പാകിസ്താന് അങ്ങനെ തീരുമാനിക്കാന്‍ കഴിയുന്നില്ലെന്നും ഇമ്രാന്‍ പറഞ്ഞു.