ലഡാക്കില്‍ 2,180 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ലേ: ലഡാക്കില്‍ ‘ദൗലത്ത് ബേഗ് ഓള്‍ഡി’ സെക്ടറിലെത്താനുള്ള 120 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം ഉദ്ഘാടനം ചെയ്ത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇതടക്കം 2,180 കോടി രൂപ ചെലവിട്ടുള്ള 75 തന്ത്രപ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ 28/10/2022 പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു.ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഈ നിര്‍ണായക പദ്ധതികള്‍. രണ്ട് ഹെലിപാഡുകളും ഒരു കാര്‍ബണ്‍ ന്യൂട്രല്‍ ആവാസവ്യവസ്ഥയും ഇതിലുള്‍പ്പെടുന്നു.

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗെനെസേഷന്‍ (ബി.ആര്‍.ഒ) പദ്ധതികളില്‍ 20 എണ്ണം ജമ്മു കശ്മീരിലും, 18 ലഡാക്കിലും അരുണാചല്‍ പ്രദേശിലും, അഞ്ചെണ്ണം ഉത്തരാഖണ്ഡിലും, 14 എണ്ണം സിക്കിം, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലുമാണ്. ദൗലത്ത് ബേഗ് ഓള്‍ഡി സെക്ടറിലേക്ക് 24 മണിക്കൂറും പ്രവേശനം ലഭ്യമാക്കുന്ന പാലം ഷിയോക് നദിക്ക് കുറുകെയാണ് നിര്‍മിച്ചത്. വെല്ലുവിളികള്‍ക്കിടയിലും ഈ നേട്ടം െകെവരിച്ച ബി.ആര്‍.ഒയുടെ ദൃഢനിശ്ചയത്തെ രാജ്നാഥ് അഭിനന്ദിച്ചു. 14,000 അടി ഉയരത്തിലുള്ള ശ്യോക് പാലത്തിന്റെ ഓണ്‍-െസെറ്റ് ഉദ്ഘാടനത്തിലും സിങ് അധ്യക്ഷത വഹിച്ചു. 2013-ല്‍ ദൗലത്ത് ബേഗ് ഓള്‍ഡി സെക്ടറില്‍ ഇന്ത്യന്‍ പ്രദേശത്തേക്കു 19 കിലോമീറ്റര്‍ കയറി ചൈനീസ്‌ സൈന്യം കൂടാരമടിച്ചിരുന്നു. പിന്നീട് പിന്‍വാങ്ങി. നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട ധാരണാപ്രശ്നങ്ങളാണ് ഈ സംഭവത്തിനു പിന്നിലെന്നാണ്‌ ചൈനയുടെ പ്രതികരണം.

ലഡാക്ക് സെക്ടറില്‍ 29 മാസമായി ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കത്തിലാണ്. കിഴക്കന്‍ ലഡാക്കിലെ നാല് സംഘര്‍ഷ പോയിന്റുകളില്‍ ചര്‍ച്ചകള്‍ ഫലം കണ്ടു. രണ്ടിടങ്ങളില്‍ തര്‍ക്കപരിഹാരമായിട്ടില്ല. വന്‍ സൈനിക വിന്യാസമാണ് ഇരു രാജ്യങ്ങളും നടത്തിയിരിക്കുന്നതും. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ കിഴക്കന്‍ ലഡാക്കിലെ ഹാന്‍ലെയിലും താക്കുങ്ങിലും ഹെലിപാഡുകളും സിങ് ഉദ്ഘാടനം ചെയ്തു. ബി.ആര്‍.ഒ ഉദ്യോഗസ്ഥര്‍ക്കായി 19,000 അടി ഉയരത്തിലുള്ള കാര്‍ബണ്‍ ന്യൂട്രല്‍ ആവാസവ്യവസ്ഥയും ഹാന്‍ലെയില്‍ പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു. 57 ജീവനക്കാര്‍ക്കാണ് ഇവിടെ താമസസൗകര്യം. ശീതകാലത്ത് കഠിനമായ കാലാവസ്ഥയെ അതിജീവിക്കാന്‍ തെര്‍മല്‍ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം