ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് കുരീച്ചാൽ പാടശേഖരത്തിൽ നെൽകൃഷിയാരംഭിച്ചു. പാടശേഖരത്തിലെ ഞാറ് നടീൽ ഉത്സവം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്തു. ഞാറ് നടുന്നത് കാണുവാനും പഠിക്കുവാനുമായി കോങ്ങോർപ്പിള്ളി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ പാടത്തെത്തി. ഏഴാം ക്ലാസിലെ പാഠ്യപദ്ധതിയിലെ ശാസ്ത്ര വിഭാഗത്തിലെ മുഖ്യപഠനഭാഗം നെൽ കൃഷിയും, അനുബന്ധ കൃഷികളുമാണ്. നില മൊരുക്കുന്നതും ഞാറുനടുന്നതും, വള പ്രയോഗവും, കീടരോഗ നിയന്ത്രണമാർഗ്ഗങ്ങളുമൊക്കെ നേരിൽ കണ്ടും ചെയ്തും പഠിക്കുവാനായാണ് കുട്ടികൾ കൃഷിയിടത്തിൽ എത്തിയത്. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം മനാഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയശ്രീ ഗോപീകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം സുനി സജീവൻ, നീറിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോളി പൊള്ളയിൽ, കൃഷി അസിസ്റ്റൻ്റ്മാരായ എസ്.കെ ഷിനു, കെ.വി വിനോദ് ലാൽ, പി.ടി ശോഭന അധ്യാപകരായ എം.ജി അനുമോൾ, രഞ്ചിതമധു, ബിൽജി ഹിലാരി, പി.ടി.എ പ്രസിഡൻ്റ് എം.എ ജയിംസ്, പാടശേഖര സമിതി പ്രതിനിധി ടി.യു പ്രസാദ്, ആലങ്ങാട് കാർഷിക കർമ്മസേനാ സെക്രട്ടറി കെ.എം വൈശാഖ്, ട്രഷറർ വിനോദ്, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയവർ സന്നിഹിതരായി.