പങ്കാളിത്ത പെന്‍ഷന്‍: എല്ലാവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവ്

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ സമരത്തിന് പിന്നാലെ എല്ലാവരെയും അടുത്തമാസം 30-ന് മുന്‍പ് പങ്കാളിത്തപെന്‍ഷന്റെ ഭാഗമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. 2013-ല്‍ നടപ്പാക്കിയ പദ്ധതിയില്‍ ചേരാതെ ഇപ്പോഴും പല കാരണങ്ങള്‍ പറഞ്ഞ് പലരും മാറിനില്‍ക്കുകയാണെന്നും അവര്‍ ഉള്‍പ്പെടെ എല്ലാവരേയും അടുത്തമാസം 30-ന് മുന്‍പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണു കാല്‍ലക്ഷം ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് സി.പി.ഐ. അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.

2013 ഏപ്രില്‍ മുതല്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. വിവിധ കാരണങ്ങള്‍ കൊണ്ട് പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ ജീവനക്കാരുടെ രജിസ്‌ട്രേഷന്‍ യഥാസമയം പൂര്‍ത്തിയാക്കത് പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി ബാധകമായ ജീവനക്കാര്‍ രജിസ്‌ട്രേഷന്‍ ലഭിക്കാതെ മരിച്ചാല്‍ അവകാശികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും. ഇത് ഗൗരവതരമാണ്. ഇത്തരത്തിലുള്ളവരുടെ എണ്ണം വളരെ വലുതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് പരിഗണിച്ച് പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കവരുടെ രജിസ്‌ട്രേഷന്‍ അടുത്തമാസം 30ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് ബന്ധപ്പെട്ട ഡി.ഡിക്ക് ഉത്തരവിലൂടെ നല്‍കിയിട്ടുള്ള നീര്‍ദ്ദേശം.

ഈ കാലാവധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ധനവകുപ്പിന്റെ അനുമതി വേണ്ടെന്നും ഉത്തരവിലുണ്ട്. ഈ കാലയളവിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാത്ത ഡി.ഡിമാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2011-16ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി പുനഃപരിശോധിക്കുമെന്ന് 2016-ലെ പ്രകടനപത്രികയില്‍ ഇടതുമുന്നണി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ സമയത്താണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നത് സംസ്ഥാനത്തിന് അത്ര ഗുണകരമാകില്ലെന്നാണു റിപ്പോര്‍ട്ടിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →