മൊബൈല്‍ ടവറിന്റെ 250 കിലോ എ.വി.ആര്‍. മോഷ്ടിച്ച് കടത്തി

മൂലമറ്റം: പട്ടാപ്പകല്‍ മൊബൈല്‍ ടവറിന്റെ 250 കിലോ വരുന്ന എ.വി.ആര്‍ (ഓട്ടോമാറ്റിക് വോള്‍ട്ടേജ് റെഗുലേറ്റര്‍) മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. എറണാകുളം വെങ്ങോല കാരുവിള്ളി ഫൈസല്‍ സെയ്ദ് (27), മിനികവല ഭാഗത്ത് കീടത്തുംകുടി അന്‍സാരി പരീത് (32) എന്നിവരെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് അറക്കുളം അശോക കവലയിലാണ് മോഷണം.

പുത്തന്‍പുരയില്‍ സുരേന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍ സ്ഥാപിച്ചിരിക്കുന്നത്. ടവര്‍ കമ്പനിയുടെ തൊഴിലാളികള്‍ എന്ന വ്യാജേന ജീപ്പുമായെത്തിയ മോഷ്ടാക്കള്‍ ഇരുവരും ചേര്‍ന്ന് എ.വി.ആര്‍ വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് സുരേന്ദ്രന്റെ വീട്ടിലെത്തി വെള്ളവും കുടിച്ച ശേഷമാണ് മടങ്ങിയത്. ഏതാനും സമയം കഴിഞ്ഞ് മൊബൈല്‍ കമ്പനിയുടെ ടെക്‌നീഷ്യന്‍ വന്നപ്പോള്‍ എ.വി.ആര്‍ കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എ.വി.ആര്‍ മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയെന്ന് വ്യക്തമായത്. അപ്പോഴാണ് മോഷ്ടാക്കളാണ് വാഹനവുമായെത്തി എ.വി.ആര്‍ കൊണ്ടുപോയതെന്ന് സുരേന്ദ്രനും സമീപവാസികളും അറിയുന്നത്.

ഉടന്‍ കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചില്ല. തുടര്‍ന്ന് അറക്കുളം മുതല്‍ വാഴക്കുളം വരെ 50 ല്‍ പരം സി.സി.ടി.വികള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ച പിക്ക് അപ്പ് ജീപ്പിന്റെ നമ്പര്‍ ലഭിച്ചു. ഇതില്‍നിന്നും ഉടമയെ കണ്ടെത്തിയപ്പോഴാണ് വാഹനം വാടകയ്‌ക്കെടുത്ത മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ വീടുകളില്‍നിന്നും പിടികൂടുകയായിരുന്നു. പ്രതികള്‍ എ.വി.ആര്‍ പൊളിച്ച ശേഷം ഇരുമ്പ് പെരുമ്പാവൂരിലെ ഒരു കടയിലും ചെമ്പും അലുമിനിയവും മറ്റൊരു കടയിലും വിറ്റു. ഒന്നര ലക്ഷത്തോളം രൂപാ വില വരുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ച് കടത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. പ്രതികളില്‍ ഒരാള്‍ അറക്കുളത്ത് മൊബൈല്‍ ടവര്‍ പണിക്കായി എത്തിയ സ്ഥല പരിചയം വച്ചാണ് മോഷണം നടത്തിയത്.

പ്രതികളെ മോഷണം നടന്ന സ്ഥലത്തും പെരുമ്പാവൂരിലെ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.കെ. സോള്‍ജി മോന്‍, എസ്.ഐമാരായ കെ.പി. ഇസ്മയില്‍, ഉദയകുമാര്‍, എ.എസ്.ഐ അജിമോന്‍, സി.പി.ഒ മാരായ അജിനാസ്, അനസ്, അജിംസ് സലിം എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →