കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തില്‍ നടപടി എടുക്കാതിരുന്നാല്‍ മേലുദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്.ഇക്കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ട മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. പോലീസിന്റെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു മുന്നറിയിപ്പ്.
ഡി.ജി.പിയുടെ പെരുമാറ്റച്ചട്ടം വന്നിട്ടും പോലീസ് മോശമായി പെരുമാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ പോലീസുകാര്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കാന്‍ ഡി.ജി.പിയോട് കോടതി നിര്‍ദേശിച്ചിരുന്നു. സര്‍ക്കുലര്‍ വന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് മോശം പെരുമാറ്റമാണെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാണിച്ചു.
പോലീസ് മേധാവി ഉത്തരവിറക്കിയാല്‍ മാത്രം മതിയാകില്ല. അത് ഓരോ ഉദ്യോസ്ഥനും അനുസരിക്കുകയും വേണമെന്നു ഹൈക്കോടതി പറഞ്ഞു. പോലീസുകാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. നവംബര്‍ പത്തിന് കേസ് വീണ്ടും പരിഗണിക്കും.

