ഹൈദരാബാദ്: തെലങ്കാനയില്‍ ടി.ആര്‍.എസ്. എം.എല്‍.എമാരെ വിലയ്ക്കു വാങ്ങാനെത്തിയവര്‍ അറസ്റ്റില്‍. എം.എല്‍.എമാര്‍ക്ക് 250 കോടി രൂപ വാഗ്ദാനം ചെയ്ത ബി.ജെ.പി. ബന്ധമുള്ള മൂന്നുപേരെയാണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാനയില്‍ ബി.ജെ.പി. അട്ടിമറിക്കു ശ്രമിക്കുകയാണെന്ന് തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) ആരോപിച്ചു. കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ ഉറ്റസുഹൃത്തും ഹൈദരാബാദ് സ്വദേശിയും വ്യവസായിയുമായ നന്ദകുമാര്‍, ഫരീദാബാദില്‍നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, തിരുപ്പതി ശ്രീമന്നാഥ രാജ പീഠം മഠാധിപതി ഡി. സിംഹയാജി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെലങ്കാന പോലീസ് വ്യക്തമാക്കി.
ടി.ആര്‍.എസ്. എം.എല്‍.എ. പൈലറ്റ് രോഹിത് റെഡ്ഡിയുടെ മൊയിനാബാദിലെ ഫാംഹൗസില്‍ നിന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. 15 കോടി രൂപ അടങ്ങുന്ന ബാഗും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. റെഡ്ഡി തന്നെയാണ് ഇടപാടിനെക്കുറിച്ച് വിവരം നല്‍കിയതെന്നും പോലീസ് പറയുന്നു.
നാല് എം.എല്‍.എമാര്‍ക്കുമായി 250 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇടനിലക്കാരുമായുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന എം.എല്‍.എയ്ക്ക് നൂറു കോടി രൂപയും ബാക്കിയുള്ള മൂന്ന് എം.എല്‍.എമാര്‍ക്ക് 50 കോടി രൂപ വീതവുമായിരുന്നു വാഗ്ദാനം.ഇടനിലക്കാര്‍ സമീപിച്ച എം.എല്‍.എ. പൈലറ്റ് രോഹിത് റെഡ്ഡിയാണ് കോഴ വാഗ്ദാനത്തെക്കുറിച്ച് വിവരം നല്‍കിയതെന്ന് തെലങ്കാന പോലീസ് മേധാവി സ്റ്റീഫന്‍ രവീന്ദ്ര പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് കേസെടുത്തതും. മൂന്നാഴ്ചയോളമായി ബി.ജെ.പി. നേതാക്കള്‍ ഇവരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്നും ഇ.ഡി, സി.ബി.ഐ. തുടങ്ങിയ ഏജന്‍സികള്‍ റെയ്ഡ് നടത്തുമെന്നും ടി.ആര്‍.എസ്. സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും എം.എല്‍.എമാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. പാര്‍ട്ടി മാറാന്‍ വന്‍തുകയും സ്ഥാനമാനങ്ങളും മറ്റും എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തതായും പോലീസ് മേധാവി പറഞ്ഞു.

