സിമെന്റ് വില കുതിക്കുന്നു, നിര്‍മാണമേഖലയ്ക്കു വന്‍ തിരിച്ചടി.

കൊച്ചി: സിമെന്റ് വില 50 കിലോ ബാഗിന് 450 രൂപയിലേക്കെത്തിയതു നിര്‍മാണമേഖലയ്ക്കു വന്‍ തിരിച്ചടി. കോവിഡ് ലോക്ഡൗണിനു മുമ്പു സിമെന്റ് വില 360 രൂപയായിരുന്നു. ക്വാറി ഉല്‍പ്പന്നങ്ങള്‍ക്കും വില കുതിച്ചിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്ക് 28 മുതല്‍ 32 രൂപവരെ ഉണ്ടായിരുന്ന വില ഇപ്പോള്‍ 36 മുതല്‍ 46 രൂപവരെയായി. ഈ വില വര്‍ധന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതു സംസ്ഥാനത്തെ 6000 ലേറെ വരുന്ന ചെറുകിട ബ്രിക്ക് നിര്‍മാതാക്കളെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 600 സിമെന്റ് ഇഷ്ടിക നിര്‍മാണ യൂണിറ്റുകള്‍ പൂട്ടിയതായി സിമെന്റ് ബ്രിക്ക്സ് ആന്‍ഡ് ഇന്റര്‍ലോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഒന്നര വര്‍ഷംകൊണ്ട് 24 ശതമാനമാണ് ക്വാറി ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന. 30 ശതമാനം നഷ്ടമാണ് ബിസിനസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഇതു താങ്ങാന്‍ പറ്റാത്ത ചെറുകിടക്കാരാണ് വലയുന്നതെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ സിമെന്റ് വില കുറയ്ക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

പ്രമുഖ സിമെന്റ് കമ്പനികളായ രാംകോ, ഡാല്‍മിയ, എ.സി.സി. എന്നീ കമ്പനികളെല്ലാം വില കൂട്ടി. കട്ട നിര്‍മാണത്തിനു വേഗത്തില്‍ സെറ്റാകുന്ന സിമെന്റാണ് ഉപയോഗിക്കുന്നത്. ഇതാകട്ടെ നിര്‍മാണക്കമ്പനികള്‍ വലിയതോതില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഇതും വില കൂടാന്‍ കാരണമായി. സിമെന്റ് ഇറക്കുമതി നിലച്ചതോടെ വില കുറഞ്ഞ സിമെന്റും കിട്ടാതായി. മുന്‍ കാലങ്ങളില്‍ ആഭ്യന്തര സിമെന്റ് വില കൂടുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന വില കൂറഞ്ഞ സിമെന്റിനെയാണ് ആശ്രയിച്ചിരുന്നത്.

കേരളത്തില്‍ പ്രതിദിനം ഒരു ലക്ഷം സിമെന്റ് ബാഗുകളാണ് ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ ഉപയോഗിച്ചുവന്നിരുന്നത്. ഇതിലും ഗണ്യമായി കുറവുവന്നു. ക്വാറി ഉല്‍പ്പന്നങ്ങള്‍ക്കു വില കൂടിയതോടെ അനുബന്ധ പാറമണല്‍, സിമെന്റ് കട്ട, മെറ്റല്‍ എന്നിവയ്ക്കും വില വര്‍ധിച്ചു. ഇതു പാര്‍പ്പിട നിര്‍മാണമേഖലയ്ക്കു കനത്ത തിരിച്ചടിയായി. തൊഴിലിടങ്ങളില്‍ യന്ത്രവല്‍ക്കരണം നടപ്പിലാക്കുമ്പോള്‍ തൊഴിലാളി സംഘടനകള്‍ നോക്കൂകുലി ആവശ്യപ്പെടുന്നതു മറ്റൊരു പ്രഹരമാണെന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്ത സംഘടന സംസ്ഥാന പ്രസിഡന്റ് ജിമ്മി മാത്യു, മലബാര്‍ രമേശ് കണ്ണൂര്‍, ജോയി ചെക്കേടത്ത് എന്നിവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →