കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 10 വയസുകാരന് രോഗം സ്ഥിരീകരിച്ച കാരശ്ശേരി പഞ്ചായത്തിലാണ് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചത്. ഒന്നാംവാര്‍ഡിലെ ആറ് വയസുകാരനാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്.
കാരശേരി പഞ്ചായത്തില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രണ്ട് കുട്ടികള്‍ക്കും ഇവരുടെ കുടുംബാഗങ്ങളില്‍ ചിലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച പത്ത് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തുമായി ചേര്‍ന്നാണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകള്‍, ഇറച്ചിക്കടകള്‍, മത്സ്യമാര്‍ക്കറ്റ് എന്നിവടങ്ങളില്‍ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാര്‍ഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. മലിനജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്കു കടക്കുന്നതാണ് ഷിഗല്ലയ്ക്കു കാരണം. കഠിനമായ പനി വരുന്നതുകൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിനു പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.
ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുന്‍കരുതല്‍. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ചുവയ്ക്കാനും ശ്രദ്ധിക്കുക.

