കൊച്ചി: കുണ്ടന്നൂർ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന ‘ഒജീസ് കാന്താരി’ ബാറിൽ വെടിവയ്പ്പുണ്ടായ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. അഭിഭാഷകനായ ഹറോൾഡ്, സുഹൃത്ത് എഴുപുന്ന സ്വദേശി റോജൻ എന്നിവരാണ് പിടിയിലായത്. മരട് പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
2022 ഒക്ടോബർ 26 ബുധനാഴ്ച വൈകിട്ട് മൂന്നോടെ ആയിരുന്നു ബാറിൽ വെടിവയ്പ്പുണ്ടായത്. മദ്യപിച്ച് ബിൽ തുക കൊടുത്ത ശേഷം മടങ്ങുന്നതിനിടെ പ്രകോപനം ഒന്നുമില്ലാതെ ഒരാൾ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. ബാർ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നിൽക്കേ ഇയാൾ ഒപ്പമുണ്ടായിരുന്ന ആൾക്കൊപ്പം ബാറിനു പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കടന്നു.
വെടിവയ്പ്പുണ്ടായി മൂന്നു മണിക്കൂറിനു ശേഷമാണ് ബാർ അധികൃതർ ഇക്കാര്യം പൊലീസിൽ അറിയിച്ചത്. പൊലീസ് ഉടൻ എത്തി ബാർ സീൽ ചെയ്തു. സിസിടിവി ദ്യശ്യങ്ങളിൽനിന്ന് യുവാക്കളുടെ ചിത്രം ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത്. ബാറിൽ വ്യാഴാഴ്ച ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തും