ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ കടുത്ത നടപടികളുമായി ഋഷി സുനക്

ലണ്ടൻ: പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന് മുന്നോടിയായി ലിസ് ട്രസ് മന്ത്രിസഭയിലെ നാല്‌ അംഗങ്ങളോട് രാജി വെക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ഋഷി സുനക് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഋഷി സുനക് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ ഇവരിൽ മൂന്ന് പേർ രാജിവെച്ചതായാണ് വിവരം.

വാണിജ്യ-ഊർജ്ജ മന്ത്രി ജേക്കബ് റീസ് മോഗ്, നിയമ വകുപ്പ് മന്ത്രി ബ്രാൻഡൻ ലെവിസ്, വികസന മന്ത്രി വിക്കി ഫോർഡ്, തൊഴിൽ പെൻഷൻ മന്ത്രി ക്ലോ സ്മിത് എന്നിവരോട് രാജി വെയ്ക്കാൻ ഋഷി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ ജേക്കബ് റീസ് മോഗ്, ബ്രാൻഡൻ ലെവിസ്, ക്ലോ സ്മിത് എന്നിവർ രാജിവെച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ധനമന്ത്രിയായി ജെറെമി ഹണ്ട് തുടർന്നേക്കുമെന്നാണ് വിവരം.

നേരത്തെ, തെറ്റുകൾ തിരുത്താനാണ് തന്നെ നിയോഗിച്ചതെന്നും മികച്ചതിനായി അശ്രാന്തം പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഋഷി സുനക് പറഞ്ഞിരുന്നു. രാജ്യത്തെ ഒരുമിപ്പിക്കുന്നത് വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണെന്നും വെല്ലുവിളികളെ നേരിടുമെന്നും ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യുക്രൈനിൽ പുടിൻ നടത്തുന്ന യുദ്ധം ലോകമെമ്പാടുമുള്ള വിപണികളെ അസ്ഥിരപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസിന് തെറ്റുപറ്റിയില്ല. ഞാൻ അവരെ അഭിനന്ദിക്കുന്നു. എന്നാൽ ചില പിഴവുകൾ സംഭവിച്ചു. ദുരുദ്യേശത്തോടെയല്ലെങ്കിലും പിഴവുകൾ വിപരീത ഫലമാണ് ഉണ്ടാക്കിയത്’, അധികാരം ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ ഋഷി പറഞ്ഞു.

ചാൾസ് മൂന്നാമൻ രാജാവാണ് ഋഷി സുനക്കിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി. പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോർഡന്റ്, കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിത്വ മത്സരത്തിൽനിന്ന് പിന്മാറിയതോടെയാണ് ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →