കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ക്കും ജനദ്രോഹത്തിനുമെതിരേ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. രണ്ടു മാസത്തേക്കുള്ള പാര്‍ട്ടി പരിപാടികള്‍ക്കും പ്രക്ഷോഭ പരിപാടികള്‍ക്കുമാണ് കെ.പി.സി.സി. അന്തിമരൂപം നല്‍കിയത്.
സമരപരമ്പരകളുടെ ആദ്യഘട്ടമായി നവംബര്‍ മൂന്നിന് സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. പിണറായി ഭരണത്തിനെതിരേ പൗരവിചാരണ എന്ന പേരിലുള്ള തുടര്‍പ്രക്ഷോഭങ്ങളുടെ ആദ്യഘട്ടമായാണ് കലക്ടറേറ്റ് മാര്‍ച്ച്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്കായിരിക്കും മാര്‍ച്ച്. രണ്ടാം ഘട്ടമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ടുദിവസത്തെ വാഹന പ്രചരണജാഥകള്‍ നവംബര്‍ 20 മുതല്‍ 30 വരെയുള്ള തീയതികളില്‍ സംഘടിപ്പിക്കും. ഡിസംബര്‍ രണ്ടാംവാരത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍സമരം മൂന്നാം ഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ 31നു വിപുലമായ അനുസ്മരണ പരിപാടികളോടെ ആചരിക്കും. ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ അനുസ്മരണം സംഘടിപ്പിക്കുന്നതോടൊപ്പം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ പ്രതിജ്ഞ ചൊല്ലി പൊതുപരിപാടികള്‍ സംഘടിപ്പിക്കും.
നരബലിയുടെ തമസില്‍നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി രാഷ്ട്രശില്‍പ്പി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14ന് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ക്യാമ്പയിന് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നവംബര്‍ 14 നു നവോത്ഥാനസദസുകള്‍ സംഘടിപ്പിക്കും. മയക്കുമരുന്ന് വ്യാപനവും പ്രതികാരക്കൊലകളുമടക്കമുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരായ ബോധവല്‍ക്കരണം നടത്തും. പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം എഴുത്തുകാരും ചിന്തകരും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഈ ക്യാമ്പയിന്റെ ഭാഗമായി അണിനിരക്കും. ഇതിന്റെ തുടര്‍ച്ചയായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അന്ധവിശ്വാസത്തിനെതിരേ ആയിരം സദസുകള്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.