സർക്കാർ ദുർവാശി ഉപേക്ഷിക്കണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാർ ദുർവാശി വെടിയണമെന്ന് എംപിയും കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരൻ. വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്ക് ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്നും നിലവിൽ വിസിമാർ രാജി വക്കേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു. ഇതുവരെ തെറ്റായ പ്രവർത്തനമാണ് നടന്നത്. അതിന് ഗവർണറും കൂട്ടുനിന്നു. അതിന്റെ ഫലമാണിത്. രണ്ട് കൂട്ടർക്കും ഉത്തരവാദിത്തമുണ്ടെന്നും ആരും നല്ലവരല്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

കേളത്തിലെ സര്‍വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാർ രാജി വെക്കണമെന്നുള്ള ഗവര്‍ണറുടെ അന്ത്യശാസനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രം​ഗത്തെത്തിയിരുന്നു. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നെന്നും സതീശൻ പറഞ്ഞു. അങ്ങനെ ചെയ്ത ഗവർണർ ഇപ്പോൾ ചെയ്ത തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →