അന്തിമ ഉത്തരവ് വരുംവരെ ഒന്‍പത് വി സി മാര്‍ക്കും തുടരാമെന്ന് ഹൈക്കോടതി.

കൊച്ചി: ഗവര്‍ണര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട ഒന്‍പത് വി സി മാര്‍ക്കും തുടരാമെന്ന് ഹൈക്കോടതി. അന്തിമ ഉത്തരവ് വരുംവരെ തുടരാമെന്നാണ് കോടതി വ്യക്തമാക്കിയത്. വിശദീകരണം കേട്ട ശേഷം ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ് കോടതി ഉത്തരവ്.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് വിധി.കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതോടെ ഉടന്‍ രാജിവയ്ക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു.

രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വി സിമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണിത്. അവധി ദിനമാണെങ്കിലും ഇന്നുതന്നെ ഹരജി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. അതേ സമയം വി സി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം.സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി പറഞ്ഞു. ആ വിധി ബാധകമാണെങ്കില്‍, വിസിമാര്‍ക്ക് ഒക്ടോബര്‍ 24 വരെ സമയം നല്‍കിയ ഗവര്‍ണര്‍ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു.

ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കില്‍ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാന്‍സലറാണ്, എന്തുകൊണ്ട് ചാന്‍സലര്‍ക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.നിയമനം അസാധുവാണെന്ന് ചാന്‍സലര്‍ക്ക് തോന്നിയാല്‍, നിങ്ങളെ നീക്കം ചെയ്യാന്‍ അദ്ദേഹത്തിന് അധികാരമുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതിനുള്ള അധികാരമില്ലെന്ന് വിസിമാര്‍ മറുപടി നല്‍കി. അഡ്മിനിസ്ട്രേറ്റീവ് നിയമത്തില്‍, സാധുവായ ഉത്തരവുകളൊന്നുമില്ല. ഒന്നുകില്‍ നിയമനം ചോദ്യം ചെയ്യപ്പെടണം. അല്ലെങ്കില്‍ കോടതി ഇടപെടണം. നിയമപ്രകാരം മാത്രമേ ചാന്‍സലര്‍ക്ക് നടപടി എടുക്കാന്‍ സാധിക്കൂ. അല്ലാതെ നീക്കം ചെയ്യാനാകില്ലെന്നും വിസിമാര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →