മൂന്നാം തവണയും ഷി ചിന്‍പിങ്

ബെയ്ജിങ്: ഒരാള്‍ രണ്ടു തവണ മാത്രം എന്ന ചട്ടം ഭേദഗതി ചെയ്ത്, തുടര്‍ച്ചയായി മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഷി ചിന്‍പിങ്. ചെനീസ് പ്രസിഡന്റ് പദവിയിലും അദ്ദേഹം അധികാരത്തുടര്‍ച്ച ഉറപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും ചൈനയുടെ പ്രസിഡന്റാവുക. ഭരണഘടനാ ഭേദഗതിയിലൂടെ ഷി, ആജീവനാന്തം പ്രസിഡന്റ് സ്ഥാനത്തു തുടര്‍ന്നേക്കുമെന്നും വിലയിരുത്തല്‍. ആജീവനാന്ത പ്രസിഡന്റായിരുന്ന മാവോയ്ക്കു ശേഷം ആരും ചൈനയില്‍ പത്തു വര്‍ഷത്തില്‍ കൂടുതല്‍ പ്രസിഡന്റ് പദവി വഹിച്ചിട്ടില്ല.
ഇന്നലെ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനമാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി ഷിയെ നേതാവായി തിരഞ്ഞെടുത്തത്. രാജ്യഭരണം നിയന്ത്രിക്കുന്ന ഏഴംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരും ഷിയുടെ അടുപ്പക്കാരാണ്. സൈന്യത്തിന്റെ ചുമതലയുള്ള സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ (സി.എം.സി) ചെയര്‍മാനായും ഷിയെ തെരഞ്ഞെടുത്തു.

”ലോകമില്ലാതെ ചൈനയ്ക്ക് വളരാനാകില്ല. ലോകത്തിനും ചൈനയെ ആവശ്യമാണ്. 40 വര്‍ഷത്തിലേറെയായുള്ള പരിഷ്‌കാരങ്ങള്‍ക്കും തുറന്നുകൊടുക്കലിനും ശേഷം രണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും ദീര്‍ഘകാല സാമൂഹിക സ്ഥിരതയും. ചൈനയെ എല്ലാ അര്‍ഥത്തിലും ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുന്നതിനുള്ള പുതിയ യാത്രയില്‍ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.കടമകള്‍ നിറവേറ്റുന്നതില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കും. ഷി പറഞ്ഞു.

അഞ്ചു വര്‍ഷം വീതമുള്ള രണ്ടു ടേം പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന പാര്‍ട്ടി ഭരണഘടനാ ചട്ടം ഭേദഗതി ചെയ്താണ് ഷിയുടെ മൂന്നാം ടേമിനു വഴിയൊരുക്കിയത്. ഇതോടെ മാവോയ്ക്കു ശേഷം, രണ്ടുതവണയിലേറെ െചെനയില്‍ പാര്‍ട്ടിനേതൃത്വത്തിലെത്തുന്ന ആദ്യ നേതാവായി ഷി ചിന്‍പിങ്. 1943 മുതല്‍ 1976 വരെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന മാവോ സേ ദൂങ്ങിന്റെ കാലത്ത് അധികാരം ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെട്ടു എന്ന വിലയിരുത്തലിലാണ് ഒരാള്‍ക്ക് പ്രസിഡന്റ് പദവി രണ്ടു തവണമാത്രം എന്നു പരിമിതപ്പെടുത്തിയത്. ആ ചട്ടമാണ് ഷിയ്ക്കു വേണ്ടി ഭേദഗതി ചെയ്തത്.

2012-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷിയുടെ പത്തുവര്‍ഷ കാലാവധി ഈ സമ്മേളനത്തില്‍ അവസാനിച്ചിരുന്നു. 2013-ല്‍ ചൈനീസ് പ്രസിഡന്റായ ഷി 2023-ല്‍ ഈ പദവിയില്‍ പത്തുവര്‍ഷം തികയ്ക്കും. നിലവിലെ പ്രധാനമന്ത്രിയും സര്‍ക്കാരിലെ രണ്ടാമനുമായിരുന്ന ലി കെ ചിയാങ്, മുതിര്‍ന്ന നേതാവ് വാങ് യാങ് എന്നിവരടക്കം പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ മറ്റെല്ലാവരെയും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ പാര്‍ട്ടിയും ഭരണവും പൂര്‍ണമായും ഷിയുടെ കൈപ്പിടിയിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →