ന്യൂഡല്‍ഹി: ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാക് ഹണിട്രാപെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡല്‍ഹി സേനാ ഭവന്‍ ഉദ്യോഗസ്ഥന്‍ രവി പ്രകാശ് മീണയുടെ അറസ്റ്റിനെ തുടര്‍ന്നാണ് പാക് തേണ്‍കെണി പുറത്തുവന്നത്. ജയിലായ മീണ തന്നെ സ്നേഹിച്ചത് പാകിസ്താനി ഏജന്റാണെന്നറിഞ്ഞത് അറസ്റ്റിലായിക്കഴിഞ്ഞാണ്.31 വയസുള്ള മീണ പാക് ”പെണ്‍കുട്ടി”യുമായി അഗാധ പ്രണയത്തിലായിരുന്നെന്നു രാജസ്ഥാന്‍ ഡി.ജി.പി(ഇന്റലിജന്‍സ്) ഉമേഷ് മിശ്ര അറിയിച്ചു. ”മിസ്ഡ് കോള്‍” വഴിയാണ് പാക് ചാരസംഘടന സൈനികരെ കുരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തിരിച്ചുവിളിക്കുന്നവരെ വലയിലാക്കും. ചിലര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സൈനികരുമായി കൂട്ടുകൂടുന്നത്. വീഡിയോ കോള്‍ വഴി നഗ്നദൃശ്യങ്ങള്‍ കാട്ടിയാകും ബന്ധം ശക്തമാക്കുക. ബന്ധം ശക്തമായാല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങും.എതിര്‍പ്പ് അറിയിച്ചാല്‍ ബ്ലാക്മെയ്ലിങ്ങാണ് തന്ത്രം. സാധാരണക്കാരും പാക് വലയില്‍ കുടുങ്ങിയിട്ടുണ്ട്. ജൂലൈയില്‍ സൈനിക പശ്ചാത്തലമില്ലാത്ത രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ തേണ്‍കെണിയില്‍ കുടുങ്ങിയിരുന്നു. ഇന്ത്യന്‍ സിം കാര്‍ഡുകള്‍ പാക് ഏജന്റുമാര്‍ക്ക് കൈമാറിയതിനാണ് അവര്‍ അറസ്റ്റിലായത്. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പാക് ഏജന്റുമാര്‍ തുടങ്ങുന്നതത്രേ. ഈ വര്‍ഷം ഇതുവരെ രാജസ്ഥാനില്‍ 10 പേരാണ് തേന്‍കെണിയില്‍ കുടുങ്ങി അറസ്റ്റിലായതെന്ന് ഡി.ജി.പി. അറിയിച്ചു.

