സംസ്ഥാനത്തെ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ട് രണ്ടുമാസം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ട് 2 മാസം കഴിഞ്ഞതായി പരാതി. തൊഴില്‍ സുരക്ഷയോ മറ്റ് ആനുകുല്യങ്ങളോ ഇല്ലാത്ത ഈ മേഖലയില്‍ നിലവില്‍ തുച്ഛമായ ശമ്പളമാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.ദീര്‍ഘകാലമായവര്‍ പോലും ദിവസ വേതനത്തിലാണ് സ്‌കൂളുകളില്‍ ജോലി ചെയ്തു വരുന്നത്. കാലാനുസൃത ശമ്പള വര്‍ധനയും മറ്റാനുകൂല്യങ്ങളും ലഭ്യമാകുന്നില്ല. ഓണത്തിന് മറ്റെല്ലാ വിഭാഗത്തിനും ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കിയപ്പോള്‍ പാചകത്തൊഴിലാളികള്‍ക്ക് ഓണത്തിന് ശമ്പളം പോലും നല്‍കിയിരുന്നില്ല. ഓണം കഴിഞ്ഞ് ഇതുവരെ നല്‍കിയത് അര മാസത്തെ ശമ്പളം മാത്രവും.അതേസമയം വിദ്യാലയങ്ങള്‍ക്കുള്ള ഉച്ചഭക്ഷണ ഫണ്ട് അനുവദിച്ചിട്ട് രണ്ടു മാസത്തിലധികമായതായി പ്രഥമാധ്യാപകര്‍ പറയുന്നു.

അധ്യാപകര്‍ സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്താണ് നിലവില്‍ പല വിദ്യാലയങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങളും മറ്റും കണ്ടെത്തുന്നത്. അരി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഉച്ചഭക്ഷണ ഫണ്ടായി നല്‍കുന്ന തുക അപര്യാപ്തമായതിനാല്‍ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം ദീര്‍ഘകാലമായി നിലനില്‍ക്കെയാണ് ഉള്ളതുപോലും വിതരണം ചെയ്യാതെയുള്ള സര്‍ക്കാര്‍ നടപടി. ഉച്ചഭക്ഷണ ഫണ്ടിലുള്ള കേന്ദ്ര വിഹിതത്തില്‍ നേരിയ വര്‍ധന പ്രഖ്യാപിച്ചത് മാത്രമാണ് ഏക ആശ്വാസമെന്നും അധ്യാപകര്‍ പറയുന്നു. എന്നാല്‍, ഈ വര്‍ധനയും വളരെ തുച്ഛമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →