തിരുവനന്തപുരം: ഒക്ടോബര്‍ 21 മുതല്‍ നെല്ല് സംഭരണം നടത്താന്‍ സര്‍ക്കാരും അരിമില്‍ ഉടമകളും തമ്മില്‍ ധാരണയായി. മില്ലുടമകള്‍ മുന്നോട്ടുവച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഭക്ഷ്യ സിവില്‍ സെപ്ലെസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.ഈ വര്‍ഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വിന്യാസം, മില്‍ അലോട്ട്മെന്റിനുള്ള സജ്ജീകരണം എന്നിവ ഓഗസ്റ്റില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍, മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്സ് അസോസിയേഷന്‍ ചില ആവശ്യങ്ങളുന്നയിച്ച് കരാറില്‍ ഏര്‍പ്പെടാന്‍ തയാറായിരുന്നില്ല. ഒരു ക്വിന്റല്‍ നെല്ല് പ്രോസസ്സ് ചെയ്യുമ്പോള്‍ 68 കിലോ അരി മില്ലുടമകള്‍ നല്‍കണമെന്നത് കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് 64.5 കിലോ ആക്കുക, മില്ലുടമകള്‍ക്ക് സെപ്ലെകോ ക്വിന്റലിന് 214 രൂപ എന്ന നിരക്കില്‍ നല്‍കുന്ന തുകയുടെ മേല്‍ അഞ്ച് ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയതു പിന്‍വലിക്കുക, പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സംഭരിച്ചുവച്ച നെല്ല് നശിച്ചുപോയതിനാല്‍ സെപ്ലെകോയ്ക്കുണ്ടായ നഷ്ടം മൂലം പ്രോസസിങ് ചാര്‍ജിനത്തില്‍ നല്‍കേണ്ട 15.37 കോടി രൂപ അടിയന്തരമായി നല്‍കുക, കൈകാര്യച്ചെലവ് ക്വിന്റലിന് 214 രൂപ എന്നതില്‍ നിന്ന് 286 രൂപയായി ഉയര്‍ത്തുക എന്നിവയായിരുന്നു മില്ലുടമകളുടെ ആവശ്യം.
ഉന്നയിച്ച വിഷയങ്ങളില്‍ ഒരു മാസത്തില്‍ അനുഭാവപൂര്‍ണ്ണമായ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസത്തേക്ക് നെല്ലു സംഭരിക്കാനുള്ള കരാറാണ് മില്ലുടമകള്‍ സെപ്ലെകോയുമായി ഒപ്പിടുക. നാലു മില്ലുകളാണ് ഇതുവരെ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 54 മില്ലുകള്‍ കൂടി നെല്ലുസംഭരണം ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് വലിയ തോതില്‍ ആശ്വാസമാകും. ചര്‍ച്ചയില്‍ കേരള റൈസ് മില്ലേഴ്സ് അസോസിയേഷന്‍ നേതാക്കളായ കെ.കെ. കര്‍ണന്‍, വര്‍ക്കി പീറ്റര്‍, പവിഴം ആന്റണി എന്നിവര്‍ പങ്കെടുത്തു.

