ലിസ് ട്രസിന്റെ രാജി ഇന്ത്യയ്ക്ക് ഗുണകരമായേക്കും

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തില്‍നിന്നു ലിസ് ട്രസിന്റെയും ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാന്റെയും രാജി ചില മേഖലകളിലെങ്കിലും ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് അനുമാനം.യു.കെയിലേക്കുള്ള ഇന്ത്യന്‍ വംശജരുടെ കുടിയേറ്റം നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കടക്കം വിത്തുപാകിയതിനു പിന്നാലെയുള്ള ഇരുവരുടെയും പടിയിറക്കം നയംമാറ്റത്തിനു വഴിവച്ചേക്കുമെന്നു വിലയിരുത്തല്‍. നിലവിലെ സ്റ്റുഡന്റ് വിസ നയം തിരുത്തിയെഴുതാനായിരുന്നു പ്രധാനമന്ത്രിക്കസേരയിലെത്തിയതിനു പിന്നാലെ ലിസ് ട്രസിന്റെ ആദ്യനീക്കങ്ങളിലൊന്ന്.

ബിരുദാനന്തര ബിരുദ പഠനാര്‍ഥം യു.കെയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനാനന്തരം രണ്ടുവര്‍ഷംകൂടിയും പിഎച്ച്.ഡി. പൂര്‍ത്തിയാക്കിയവര്‍ക്ക് മൂന്നുവര്‍ഷം കൂടിയും യു.കെയില്‍ത്തങ്ങി ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നതായിരുന്നു ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ സ്റ്റുഡന്റ് വിസ നയം.ഇതു പൊളിച്ചെഴുതാനായിരുന്നു ട്രസിന്റെ ശ്രമം. പഴയ നയത്തിന്റെ പ്രധാന ഗുണഭോക്താക്കളായ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളെയാണു പുതിയ സര്‍ക്കാരിന്റെ നീക്കം ഏറെ ആശങ്കയിലാഴ്ത്തിയത്. നയംമാറ്റത്തിനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാന്‍ ഇന്ത്യന്‍ വംശജയായിരുന്നുവെന്നതും ശ്രദ്ധേയം. സ്വന്തം പാര്‍ട്ടിയില്‍നിന്നടക്കമുള്ള എതിര്‍പ്പുകള്‍ കാര്യമാക്കാതെയായിരുന്നു തുടക്കത്തില്‍ ഇരുവരുടെയും നീക്കങ്ങള്‍. എന്നാല്‍ പാളയത്തില്‍പ്പട രൂക്ഷമായതോടെ പ്രധാനമന്ത്രി പാതിവഴിയില്‍ പിന്മാറി. പങ്കാളിയെ നഷ്ടപ്പെട്ടെങ്കിലൂം സുവെല്ല ദൗത്യവുമായി മുന്നോട്ടുപോയി. ഒപ്പം കൂടുതല്‍ കടുത്ത വിസാചട്ടങ്ങള്‍ക്കു രൂപം നല്‍കാനും ശ്രമിച്ചു.

ഇന്ത്യയുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വിസാ ചട്ടങ്ങളിലെ ഇളവുകള്‍ നടപ്പാക്കേണ്ടതില്ലെന്ന അഭിപ്രായവും അവര്‍ പ്രകടിപ്പിച്ചു.വിദേശകാര്യ സെക്രട്ടറി പദത്തിലിരിക്കെ ലിസ് ട്രസാണ് ഇന്ത്യന്‍ കുടിയേറ്റത്തിനു സഹായകരമാകുന്ന വിസാനയംകൂടി ഉള്‍പ്പെടുത്തി സ്വതന്ത്ര വ്യാപാരക്കരാറിനു രൂപം നല്‍കിയതെന്നാണു മറ്റൊരു ശ്രദ്ധേയ സംഗതി. ഇതിനു പുറമേ വിദേശവിദ്യാര്‍ഥി വിസയിലെത്തുന്നവര്‍ക്കൊപ്പം ആശ്രിതരായി യു.കെയിലേക്കു കുടിയേറുന്നവരുടെ എണ്ണവും അവര്‍ക്കു തൊഴിലെടുക്കാനുമുള്ള അവകാശവും നിയന്ത്രിക്കാന്‍ സുവെല്ല നയം ആവിഷ്‌കരിച്ചു. തദ്ദേശീയര്‍ക്കു തൊഴില്‍നഷ്ടത്തിനു വഴിവയ്ക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നയംമാറ്റത്തിനുള്ള നീക്കം. ഇവയെല്ലാം ഇന്ത്യന്‍ കുടിയേറ്റ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു.പ്രധാനമന്ത്രിയുമായുള്ള സുവെല്ലയുടെ അഭിപ്രായഭിന്നത രൂക്ഷമായതിനൊപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ലിസ് ട്രസിനെതിരായ വികാരവും ശക്തമായതു നയങ്ങള്‍ പ്രാബല്യത്തിലാകുന്നതിനു തടസമായി. ഒടുവില്‍ മന്ത്രിസഭയില്‍നിന്ന് ആദ്യം സുവെല്ലയുടെ രാജി പ്രഖ്യാപനമെത്തി. തന്നെ പ്രശ്നങ്ങളിലേക്കു വലിച്ചിഴച്ച ആഭ്യന്തരമന്ത്രിയുടെ രാജി പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

നാടകീയസംഭവവികാസങ്ങള്‍ക്കൊടുവില്‍ ആഭ്യന്തരമന്ത്രിക്കു പിന്നാലെ പ്രധാനമന്ത്രിയും സ്ഥാനത്യാഗം ചെയ്തതോടെ ഇന്ത്യന്‍ കുടിയേറ്റ ആശങ്കകള്‍ക്കും ഒരുപരിധിവരെ വിരാമമാകുകയാണ്. പുതുതായി അധികാരമേറുന്ന സര്‍ക്കാര്‍ വിസാവിഷയത്തിലടക്കം കടുത്ത നടപടികള്‍ക്കു മുതിര്‍ന്നേക്കില്ലെന്ന പ്രതീക്ഷയാണു വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →