ആലപ്പുഴ: മാവേലിക്കര താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ 236 പരാതികൾ പരിഗണിച്ചു. ജില്ല കളക്ടർ വി. ആർ. കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് പരാതികൾ പരിഹരിച്ചത്.
അദാലത്ത് ദിവസമായ ഇന്നലെ മാത്രം മാവേലിക്കര താലൂക്ക് പരിധിയിലെ വിവിധ സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട 157 പരാതികളാണ് ലഭിച്ചത്. നേരത്തെ ലഭിച്ച 79 പരാതികളും ഉൾപ്പടെയാണ് 236 പരാതികൾ പരിഗണിച്ചത്.
ഭൂമി സർവ്വേ, അതിർത്തി പ്രശ്നം, വഴി തർക്കം, വീട് നിർമാണം, പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകൾ, ബാങ്കിങ്, അനധികൃത കയ്യേറ്റം, വിദ്യാഭ്യാസ സഹായം, സ്വയം തൊഴിൽ സഹായം തുടങ്ങിയ പരാതികളാണ് അദാലത്തിൽ ലഭിച്ചത്. അടിയന്തര നടപടി സ്വീകരിക്കുന്നതിനായി പരാതികൾ അതാത് വകുപ്പ് മേധാവികൾക്ക് കളക്ടർ കൈമാറി.
മാവേലിക്കര ടൗൺ ഹാളിൽ നടന്ന അദാലത്ത് എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എ.ഡി.എം. എസ്. സന്തോഷ്കുമാർ, ഡെപ്യൂട്ടി കളക്ടർമാർ, മാവേലിക്കര തഹസിൽദാർ ഡി.സി. ദിലീപ്കുമാർ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് ബാബു, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

