അതിഥി തൊഴിലാളികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി കീഴ്മാട് എം.ഇ.എസ് ജംഗ്ഷനിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. റാലി കീഴ്മാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഫ്ലാഗ് ഓഫ് ചെയ്തു. എം. ഇ .എസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി വ്യവസായ മേഖല ഹാളിൽ സമാപിച്ചു.
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്തും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും എക്സൈസ് വകുപ്പും കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ എറണാകുളം ജോയിന്റ് ലേബർ കമ്മീഷ്ണർ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സന്നദ്ധ സംഘടനാ പ്രവർത്തക ഡി. ദിശ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. തൊഴിലാളികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. ജില്ലാ ലേബർ ഓഫീസർ വിനോദ് കുമാർ ,എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.എ പോൾ, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രതിനിധി,അസിസ്റ്റന്റ് ലേബര്‍ ഓഫീസർ ഇ.ജി രാഖി , ഉദ്യോഗസ്ഥർ, കൗൺസിലർമാർ, തൊഴിലുടമ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ 22 വരെ അതിഥി തൊഴിലാളികളെ ലഹരിയിൽ നിന്നും വിമുക്തരാക്കുന്നതിനും ലഹരി ഉപയോഗവും വിതരണവും തടയുന്നതിനുമായി വിപുലമായ പരിപാടികളാണ് ജില്ലയിൽ നടന്നു വരുന്നത്.