133 പേര്‍ കൊല്ലപ്പെട്ട ഇന്തോനീഷ്യന്‍ സ്‌റ്റേഡിയം പൊളിച്ചുപണിയും

ജക്കാര്‍ത്ത: ഫുട്‌ബോള്‍ മത്സരത്തെത്തുടര്‍ന്ന് ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും പോലീസ് നടപടിയിലും തിക്കിലും തിരക്കിലുംപെട്ട് 133 പേര്‍ കൊല്ലപ്പെട്ട ഇന്തോനീഷ്യയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയം ഇടിച്ചുനിരത്തി പുതുക്കിപ്പണിയുമെന്നു പ്രസിഡന്റ് ജോക്കോ വിദോദോ.

ഫിഫ പ്രസിഡന്റ് ഗിയാന്നി ഇന്‍ഫാന്റിനോയുമായി തലസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. രാജ്യത്തിന്റെ കായിക ഉന്നമനത്തിനും മാറ്റത്തിനും കഴിയുന്നതെല്ലാം ചെയ്യുമെന്നു ഫിഫ പ്രസിഡന്റും പറഞ്ഞു. ഇന്തോനീഷ്യന്‍ സ്‌റ്റേഡിയത്തില്‍ ദുരന്തമുണ്ടായി രണ്ടാഴ്ച കഴിഞ്ഞാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഒരു വര്‍ഷത്തിനു ശേഷം രാജ്യത്ത് അണ്ടര്‍-20 ഫുട്‌ബോള്‍ ലോകകപ്പ് നടക്കാനിരിക്കുന്നപശ്ചാത്തലത്തില്‍ കൂടിയാണിത്.

ജാവന്‍ അരേമയും പെര്‍സേഭയ സുരഭയയും തമ്മിലുള്ള മത്സരത്തിനിടെ ഈ മാസം ഒന്നിനാണ് മലാങ് റീജന്‍സി സ്‌റ്റേഡിയം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഡിയം ദുരന്തങ്ങളിലൊന്നിനു വേദിയായത്. കാല്‍പ്പന്ത് അങ്കത്തില്‍ ആതിഥേയരായ അരേമ പരാജയപ്പെട്ടതാണു സംഘര്‍ഷത്തിനു വഴിവച്ചത്.ഇതോടെ ആയിരക്കണക്കിനു വരുന്ന അരേമ ആരാധകര്‍ മൈതാനത്തേക്ക് ഇരച്ചെത്തി. ഇവരെ ഒഴിപ്പിക്കാന്‍ പോലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗം സ്ഥിതി സങ്കീര്‍ണമാക്കി. കവാടത്തിലേക്ക് ആളുകള്‍ പായുന്നതിനിടെയുണ്ടായ തിക്കും തിരക്കുമാണ് 40 കുട്ടികള്‍ ഉള്‍പ്പെടെ 133 പേരുടെ ജീവനെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →