ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടാം ദിവസവും അട്ടിമറി.

ഹൊബാര്‍ട്ട് (ഓസ്‌ട്രേലിയ): ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടാം ദിവസവും അട്ടിമറി.ബി ഗ്രൂപ്പ് മത്സരത്തില്‍ രണ്ടുവട്ടം ചാമ്പ്യനായ വെസ്റ്റിന്‍ഡീസിനെ സ്‌കോട്ട്‌ലന്‍ഡാണ് അട്ടിമറിച്ചത്.

ബി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് അഞ്ച് വിക്കറ്റിന് 160 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിന്‍ഡീസ് 18.3 ഓവറില്‍ 118 ന് ഓള്‍ഔട്ടായി. 53 പന്തില്‍ ഒന്‍പത് ഫോറുകളടക്കം 66 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണര്‍ ജോര്‍ജ് മുന്‍സെ, 12 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ മാര്‍ക് വാറ്റ് എന്നിവരാണ് സ്‌കോട്ടലന്‍ഡിന് 42 റണ്ണിന്റെ അവിസ്മരണീയ ജയം നേടിക്കൊടുത്തത്.

വിന്‍ഡീസിന്റെ പോരാട്ടം ജാസന്‍ ഹോള്‍ഡര്‍ (33 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 38) ഓപ്പണര്‍ കെയ്ല്‍ മായേഴ്‌സ് (13 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 20) എന്നിവരില്‍ ഒതുങ്ങി. എവിന്‍ ലൂയിസ് (13 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 14), ബ്രാന്‍ഡന്‍ കിങ് (15 പന്തില്‍ 17) എന്നിവരാണു രണ്ടക്കം കടന്നത്. ബ്രാഡ് വീല്‍, മൈക്കിള്‍ ലീസാക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജോഷ് ഡേവി, സാഫിയാന്‍ ഷരീഫ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നികോളാസ് പൂരാന്‍ സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിങ്ങിനു വിട്ടു. മുന്‍സിയും മൈക്കിള്‍ ജോണ്‍സും (17 പന്തില്‍ 20) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 55 റണ്ണെടുത്ത് മികച്ച തുടക്കം നല്‍കി. ജോണ്‍സിനെയും മാത്യു ക്രോസിനെയും (മൂന്ന്) അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി വിന്‍ഡീസ് തിരിച്ചുവന്നു. നായകന്‍ റിച്ചി ബെറിങ്ടണ്‍ (14 പന്തില്‍ 16), കാളം മക്‌ലിയോഡ് (14 പന്തില്‍ 23), ക്രിസ് ഗ്രീവ്‌സ് (11 പന്തില്‍ പുറത്താകാതെ 16) എന്നിവരുടെ സഹായത്തോടെയാണു ജോര്‍ജ് മുന്‍സെ ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്.

വിന്‍ഡീസിനായി അല്‍സാരി ജോസഫും ജാസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതമെടുത്തു. കെയ്ല്‍ മായേഴ്‌സും എവിന്‍ ലൂയിസും ചേര്‍ന്നു തുടക്കത്തില്‍ ആഞ്ഞടിച്ചെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് വിന്‍ഡീസിനു തിരിച്ചടിയായി. രണ്ടിന് 58 റണ്ണെന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് അവര്‍ 116 ന് ഓള്‍ഔട്ടായത്. ബാറ്റര്‍മാരുടെ നിരുത്തവാദപരമായ പ്രകടനമാണു തോല്‍വിക്കു കാരണമെന്നു വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് പറഞ്ഞു. സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച റെക്കോഡുള്ള ജാസണ്‍ ഹോള്‍ഡറിനെ ഏഴാം നമ്പര്‍ ബാറ്ററാക്കിയും ഒഡിയന്‍ സ്മിത്തിനെ അവസാന ബാറ്ററായും ഇറക്കിയതിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അല്‍സാരി ജോസഫ്, അകീല്‍ ഹൊസൈന്‍ എന്നിവര്‍ പുറത്തായ ശേഷമാണ് ഒഡിയന്‍ സ്മിത് ക്രീസിലെത്തിയത്. ബാറ്റിങ് ക്രമത്തില്‍ മാറ്റം വരുത്തിയതു തോല്‍വിക്കു കാരണമല്ലെന്നായിരുന്നു സിമ്മണ്‍സിന്റെ നിലപാട്. അടുത്ത മത്സരത്തില്‍ സിംബാബവേയെ തോല്‍പ്പിക്കുന്നതിനെ കുറിച്ചാണു താന്‍ ചിന്തിക്കുന്നതെന്നു ഫില്‍ സിമ്മണ്‍സ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →