സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം

ഹൊബാര്‍ട്ട്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ബി ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം. രണ്ടാമത്തെ മത്സരത്തില്‍ അവര്‍ 31 റണ്ണിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റിന് 174 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന്റെ പോരാട്ടം ഒന്‍പതിന് 143 എന്ന നിലയില്‍ അവസാനിച്ചു. സികന്ദര്‍ റാസയുടെ (48 പന്തില്‍ അഞ്ച് സിക്‌സറും അഞ്ച് ഫോറുമടക്കം 82 റണ്ണും ഒരു വിക്കറ്റും) ഓള്‍റൗണ്ട് പ്രകടനമാണു ജയത്തിന് അടിസ്ഥാനം.

സിംബാബ്‌വേയ്ക്ക് വേണ്ടി ബ്ലെസിങ് മുസര്‍ബാനി 23 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. റിചാഡ് എന്‍ഗാര്‍വെ, തെന്‍ഡെ ചാതാര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സീന്‍ വില്യംസ്, സികന്ദര്‍ റാസ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ആദ്യ ഓവറില്‍ തന്നെ പോള്‍ സ്റ്റിര്‍ലിങിനെ (0) റിച്ചാഡ് എന്‍ഗാര്‍വെ പുറത്താക്കി. വൈകാതെ ലോര്‍കാന്‍ ടക്കറും (11 പന്തില്‍ 11) എന്‍ഗാര്‍വെയുടെ ഇരയായി. നായകന്‍ ആന്‍ഡി ബാല്‍ബിര്‍ണി (മൂന്ന്) നിലയുറപ്പിക്കും മുമ്പ് മുസര്‍ബാനിയുടെ പന്തില്‍ സീന്‍ ഇര്‍വിന്റെ കൈയിലെത്തി. ഹാരി ടെക്റ്ററും (ഒന്ന്) നിരാശപ്പെടുത്തി.

സ്‌കോട്ട്‌ലന്‍ഡ് നാലിന് 22 റണ്ണെന്നു വിയര്‍ത്തു നില്‍ക്കേ കുര്‍ട്ടിസ് കാംഫര്‍ (22 പന്തില്‍ 27), ജോര്‍ജ് ഡോക്‌റല്‍ (20 പന്തില്‍ 24), ഗാരേത് ഡെലാനി (20 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 24) എന്നിവരുടെ ചെറുത്തു നില്‍പ്പ് ആശ്വാസമായി. അവസാന ഓവറുകളില്‍ ബാരി മക്കാര്‍ത്തി (16 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 22) വെടിക്കെട്ടായെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. സികന്ദര്‍ റാസയാണു മത്സരത്തിലെ താരം. നാളെ നടക്കുന്ന ഗ്രൂപ്പിലെ അടുത്ത മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് സിംബാബ്‌വേയെ നേരിടും. മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡ് സ്‌കോട്ട്‌ലന്‍ഡിനെയും നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →