കോവിഡിന്റെ പുതിയ ജനിതക വകഭേദം: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു കൂട്ടി

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്റെ പുതിയ ജനിതക വകഭേദം (എക്സ്ബിബി, എക്സ്ബിബി–1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി മന്ത്രി വീണാ ജോർജ്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളിൽ നിന്ന് വളരെ വ്യാപന ശേഷി കൂടിയതാണ് പുതിയ വകഭേദം. അതിനാൽ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തും.

രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ല. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്ക് കൃത്യമായി ധരിക്കണം. വിമാനത്താവളങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടതാണ്.

ആരോഗ്യ വകുപ്പിന്റെ മുൻകരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു കൂട്ടി. സംസ്ഥാനത്ത് കോവിഡ് കേസുകൾ പൊതുവേ കുറഞ്ഞു വരികയാണെന്നു യോഗം വിലയിരുത്തി. ഇപ്പോൾ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിൽ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കാൻ സ്ഥിരമായി സാംപിളുകൾ ലാബിലേക്ക് അയയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →